ന്യൂഡൽഹി: 2027ലെ സെൻസസിനായുള്ള പോർട്ടലിൽ മതവിഭാഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വരുത്തിയ മാറ്റം വിവാദത്തിൽ. പൗരന്മാർക്ക് സ്വയം വിവരങ്ങൾ ചേർക്കാനുള്ള പോർട്ടലിൽനിന്ന് വിവിധ മതവിഭാഗങ്ങളുടെ ഉപവിഭാഗങ്ങളുടെ പട്ടിക ഒഴിവാക്കിയതിനെതിരേ കോൺഗ്രസ് രംഗത്തെത്തി. വിശദീകരണമില്ലാതെയുള്ള ഈ നടപടി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.
നേരത്തേ പോർട്ടലിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങൾക്കൊപ്പം ‘മറ്റുള്ളവർ’ എന്ന വിഭാഗവും ഉൾപ്പെടുത്തിയിരുന്നു. ഇതിനു കീഴിൽ 287 ഉപവിഭാഗങ്ങളുടെ പേരുകളും നൽകിയിരുന്നു. എന്നാൽ ചില ചോദ്യങ്ങൾ ഉയർന്നതിനു പിന്നാലെ ഈ പട്ടിക പോർട്ടലിൽനിന്ന് നീക്കുകയായിരുന്നു.
ഒഴിവാക്കിയ പട്ടികയിൽ സൂഫി, സുന്നി, ഷിയ, പെന്തക്കോസ്ത് വിഭാഗങ്ങൾക്കു പുറമേ ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഭാഗങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്നാണ് പട്ടിക നീക്കിയതെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ഉപവിഭാഗങ്ങളുടെ പട്ടിക പോർട്ടലിൽ എങ്ങനെയാണ് ഉൾപ്പെടുത്തിയതെന്ന് പരിശോധിക്കുമെന്നാണ് സെൻസസ് കമ്മീഷണറുടെ വിശദീകരണം. ‘മറ്റുള്ളവർ’ എന്ന വിഭാഗം ഇപ്പോഴും പോർട്ടലിൽ ലഭ്യമാണെന്നും പൗരന്മാർക്ക് തങ്ങളുടെ മതവിഭാഗത്തിന്റെ ഉപവിഭാഗം അവിടെ നേരിട്ട് രേഖപ്പെടുത്താമെന്നും കമ്മീഷണർ വ്യക്തമാക്കി.