ഛത്തീസ്ഗഢ്: ഭാര്യ തന്നെ കറുമ്പൻ എന്നും തടിയനെന്നും വിളിച്ചിരുന്നുവെന്ന ഭർത്താവിന്റെ ആരോപണം മാത്രം വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയിൽനിന്ന് ക്രൂരതയോ, ഉപേക്ഷിക്കലോ ഉണ്ടായതായി മതിയായ തെളിവുകളോടെ സ്ഥാപിക്കാൻ ഭർത്താവിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റിസുമാരായ പാർത്ത് പ്രതീം സാഹു, സച്ചിൻ സിങ് രാജ്പുത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാൻജ്ഗിർ-ചാംപ സ്വദേശിയായ 28കാരൻ അക്ഷ് ഘോഷാണ് കുടുംബ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 2024 ഓഗസ്റ്റ് 28ന് ജാൻജ്ഗിർ അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയുടെ നേതൃത്വത്തിലുള്ള കുടുംബ കോടതിയാണ് അക്ഷിന്റെ വിവാഹമോചന ഹർജി തള്ളിയത്.
അതേസമയം, ഭാര്യയുടെ അപേക്ഷ പരിഗണിച്ച കുടുംബ കോടതി, മാതാപിതാക്കൾ വിവാഹസമയത്ത് നൽകിയ സമ്മാനങ്ങളും സ്വത്തുക്കളും ഉൾപ്പെടുന്ന സ്ത്രീധനം തിരികെ നൽകാൻ അക്ഷിനോട് നിർദേശിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ ഇവ തിരികെ നൽകണമെന്നായിരുന്നു ഉത്തരവ്.
2019 മാർച്ച് 7നാണ് അക്ഷ് ഘോഷും റായ്ഗഢ് സ്വദേശിനിയായ 25കാരി പൂജ സീതും വിവാഹിതരായത്. റായ്ഗഢ് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു വിവാഹം. വിവാഹശേഷം രണ്ടുമുതൽ മൂന്നുമാസത്തോളം പൂജ ഭർത്താവിനും കുടുംബത്തിനുമൊപ്പം താമസിച്ചു.
ഈ കാലയളവിൽ ഭാര്യ തന്നോട് ശത്രുതാപരമായി പെരുമാറിയെന്നും വ്യാജ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭർത്താവ് ആരോപിച്ചു. പലപ്പോഴും സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നുവെന്നും തന്റെ സമ്മതമില്ലാതെ രാജസ്ഥാനിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയെന്നും ഏകദേശം 25 ദിവസത്തിന് ശേഷമാണ് തിരിച്ചെത്തിയതെന്നും ഇയാൾ കോടതിയെ അറിയിച്ചു.
തുടർന്ന് ഭാര്യയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളുടെ ഗർഭം അലസിയതായും ഭർത്താവ് പറഞ്ഞു. പിന്നീട് ഭാര്യയുടെ അമ്മ അവരെ റായ്ഗഢിലേക്ക് കൊണ്ടുപോയെന്നും പലതവണ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചിട്ടും ഭാര്യ ഭർത്താവിനൊപ്പം താമസിക്കാൻ തയ്യാറായില്ലെന്നും അക്ഷ് ആരോപിച്ചു.
എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ പൂജ നിഷേധിച്ചു. വിവാഹം നടന്നുവെന്ന കാര്യം മാത്രമാണ് അവർ അംഗീകരിച്ചത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞതോടെ ഇയാൾ മദ്യപാനം ആരംഭിച്ചുവെന്നും പൂജ ആരോപിച്ചു.
ഭർത്താവ് തന്നെ അധിക്ഷേപിക്കുകയും ശരിയായ രീതിയിൽ പരിചരിക്കാതിരിക്കുകയും ചെയ്തുവെന്നും ഗർഭകാലത്ത് ആവശ്യമായ ചികിത്സ പോലും നൽകിയില്ലെന്നും അവർ പറഞ്ഞു. അസുഖം ബാധിച്ചപ്പോൾ അമ്മയാണ് ചികിത്സയ്ക്കായി റായ്ഗഢിലെ ആശുപത്രിയിൽ കൊണ്ടുപോയതെന്നായിരുന്നു പൂജയുടെ വാദം.
ആരോഗ്യം വീണ്ടെടുത്ത ശേഷം തന്നെ തിരികെ കൊണ്ടുപോകണമെന്ന് ഭർത്താവിനോടും കുടുംബാംഗങ്ങളോടും പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്നും പൂജ ആരോപിച്ചു. തുടർന്ന് 2020 ഫെബ്രുവരി 24ന് അമ്മ റായ്ഗഢ് പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗാർഹിക പീഡന നിയമപ്രകാരമുള്ള നടപടികളും പൂജ ആരംഭിച്ചു.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം തുടരുന്നതിനാലാണ് വിവാഹബന്ധം തുടരാൻ താൽപര്യമില്ലാതിരുന്നതെന്നും അതിനാൽ വിവാഹമോചന ഹർജി തള്ളണമെന്നും പൂജ കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ തെളിവുകൾ പരിശോധിച്ച ഹൈക്കോടതി, ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളൊന്നും ശക്തമായ തെളിവുകളിലൂടെ സ്ഥാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഭാര്യക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ ഭർത്താവിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യ ഭർത്താവിനെ കറുത്ത നിറമുള്ളവനെന്നോ തടിച്ച ശരീരമുള്ളവനെന്നോ വിളിച്ചിരുന്നുവെന്ന ആരോപണവും കോടതി പരിശോധിച്ചു. എന്നാൽ ഇത്തരം പരാമർശങ്ങൾ മാത്രം വിവാഹമോചനം അനുവദിക്കുന്നതിന് മതിയായ കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യ യാതൊരു ന്യായമായ കാരണവുമില്ലാതെ മാതാപിതാക്കളുടെ വീട്ടിൽ കഴിയുകയായിരുന്നുവെന്ന് തെളിയിക്കാനും ഭർത്താവിന് കഴിഞ്ഞില്ല. വിവാഹബന്ധം ഉപേക്ഷിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യം, നിയമപരമായി ‘animus deserendi’ എന്ന് വിശേഷിപ്പിക്കുന്ന ഘടകം, ഭാര്യയ്ക്കുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിലും ഭർത്താവ് പരാജയപ്പെട്ടതായി കോടതി പറഞ്ഞു. കുടുംബ കോടതി ലഭ്യമായ തെളിവുകൾ ശരിയായ രീതിയിൽ വിലയിരുത്തിയാണ് വിവാഹമോചന ഹർജി തള്ളിയതെന്നും അതിനാൽ ആ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അക്ഷ് ഘോഷിന്റെ അപ്പീൽ കോടതി തള്ളി. കേസിൽ യാതൊരു ചെലവും ചുമത്തിയിട്ടില്ല. ഭാര്യയ്ക്ക് നൽകേണ്ട സ്ത്രീധനം ഉൾപ്പെടെയുള്ള വസ്തുക്കൾ തിരികെ നൽകണമെന്ന കുടുംബ കോടതി ഉത്തരവും ഇതോടെ നിലനിൽക്കും.




