തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഇന്ന് നിയമസഭയിൽ പാസാക്കുമെന്നാണ് വിവരം. നിർദിഷ്ട വർധന നടപ്പായാൽ എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽനിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടേത് 1.08 ലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷം രൂപയായും വർധിക്കും.
നിലവിൽ ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം കുറഞ്ഞത് 70,000 രൂപയും മന്ത്രിക്ക് ഏകദേശം 1.08 ലക്ഷം രൂപയുമാണ് ലഭിക്കുന്നതെന്നാണ് കണക്ക്. പുതിയ നിർദേശപ്രകാരം എംഎൽഎമാർക്ക് പ്രതിമാസം 28,000 രൂപയുടെയും മന്ത്രിമാർക്ക് 25,000 രൂപയുടെയും വർധനയുണ്ടാകും.
എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള നീക്കത്തിനും ഐപാഡുകൾ വിതരണം ചെയ്യുന്നതിനും എതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. സർക്കാർ നടപടി ധൂർത്താണെന്നായിരുന്നു വിമർശനം. 480 ഐപാഡുകൾ വാങ്ങാൻ 6.70 കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ തീരുമാനം. കോടികൾ ചെലവഴിച്ചുള്ള ഐപാഡ് വിതരണത്തിനെതിരായ വിമർശനങ്ങൾക്കിടയിലും വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടും ചർച്ചയാകുന്നുണ്ട്.
അതിനിടെ, പിഎസ്‌സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശവും ശ്രദ്ധേയമായി. എൽഡിഎഫ് സർക്കാർ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, പിഎസ്‌സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.