തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷരീഫ്. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ അടൂർ പ്രകാശ് പരസ്യമായി വിമർശിച്ചതിന് പിന്നാലെയാണ് ബിആർഎം ഷരീഫിന്റെ പ്രതികരണം. ‘അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹപൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെയാണ് ഒരു പത്രസമ്മേളനം’ എന്നാണ് ഷരീഫിന്റെ കുറിപ്പ്.
യുഡിഎഫ് യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി തന്നെ അതിന് മുൻകൈയെടുക്കണമെന്നും ഇന്നലെ അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ലെന്നും എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതൃപ്തി അറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും ഉപതെരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും അടൂർ പ്രകാശ് വിമർശിച്ചിരുന്നു.
അർഹതപ്പെട്ടവർക്ക് സ്ഥാനങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയോ ആലോചനയോ ഇല്ലാതെ പല കാര്യങ്ങളും നടക്കുകയാണെന്നും ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.
വിമർശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. സ്വന്തം നിലയിലാണ് പ്രതികരണം നടത്തിയതെന്നും മറ്റാരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിനിടെ യുഡിഎഫ് യോഗം ചേർന്നത് ഒരു തവണ മാത്രമാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയെ വിമർശിച്ച സംഭവം എഐസിസിയെ അമ്പരപ്പിച്ചതായാണ് വിവരം. എഐസിസി കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി വിഷയത്തിൽ വിവരങ്ങൾ ശേഖരിച്ച് നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടി-സർക്കാർ ഏകോപനത്തിലെ പോരായ്മ നേരത്തേ തന്നെ ദീപ ദാസ് മുൻഷി ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.




