ബെട്ടിയ: കാമുകിയെ കാണാനെത്തിയ വാർഡ് മെമ്പറെ കട്ടിലിനടിയിൽ ഒളിച്ചിരിക്കെ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ മർദിച്ചതായി റിപ്പോർട്ട്. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലാണ് സംഭവം.
യുവതിയുമായി വാർഡ് മെമ്പർ പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രിയോടെ ഇയാൾ യുവതിയുടെ വീട്ടിലെത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വീടിന് മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.
വീടിനുള്ളിൽ കയറി പരിശോധിച്ച നാട്ടുകാർ കട്ടിലിനടിയിൽ ഒളിച്ചിരുന്ന വാർഡ് മെമ്പറെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കട്ടിലിനടിയിൽനിന്ന് വലിച്ചിറക്കി മർദിച്ചതായാണ് റിപ്പോർട്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാർഡ് മെമ്പറെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.