തിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത പവർകട്ടിനും വൈദ്യുതി പ്രതിസന്ധിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്ന വിഡിയോകളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് അവർ സർക്കാരിനെതിരെ രംഗത്തെത്തിയത്. മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ രാത്രി പത്തു മണിക്കും പന്ത്രണ്ടു മണിക്കും കറന്റ് കട്ട് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടേന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
രാത്രി കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തുമ്പോൾ കറന്റ് പോകുന്നത് ജനങ്ങളെ കടുത്ത പ്രയാസത്തിലാക്കുന്നുവെന്ന് മാതാപിതാക്കൾ വിഡിയോകളിൽ പറയുന്നു. രാത്രി കിടന്നുറങ്ങിയില്ലെങ്കിൽ രാവിലെ എങ്ങനെ സ്കൂളിൽ പോകുമെന്ന് ചോദിക്കുന്ന കുട്ടികളുടെ അനുഭവങ്ങളും അവർ പങ്കുവെച്ച വിഡിയോയിലുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്റ് ചാർജ് വർധനവിനെക്കുറിച്ചും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച് “ഇപ്പോൾ കറണ്ട് എവിടെ?” എന്നു ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സർക്കാരിന്റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് “എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഇന്ദിരാ പവർകട്ട് ആശംസകൾ” എന്ന പോസ്റ്ററും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു’ എന്ന ഗാനത്തോടൊപ്പം ‘മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ വിഷമങ്ങൾ ഒന്നുമറിയേണ്ടല്ലോ’ എന്നും അവർ കുറിച്ചു. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റുകൾക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ‘പുതിയ ഭരണത്തിന് കീഴിൽ ജനങ്ങൾ ഇരുട്ടിലാണ്’ എന്നതടക്കമുള്ള നിരവധി കമന്റുകളുമായി പൊതുജനങ്ങളും ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.






