മോദിയുടെ അംഗീകാരം… ഒരു കോടിയിലധികം പേർക്ക് ആശ്വാസം…!!! എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ തീരുമാനം… അടിസ്ഥാന ശമ്പളം, അലവൻസ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കും….

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. അടിസ്ഥാന ശമ്പളം, അലവൻസ്, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കാൻ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിലൂടെ സാധ്യമാകും. ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്ന തീരുമാനത്തിനാണ് പ്രധാനമന്ത്രി അം​ഗീകാരം നൽകിയിരിക്കുന്നത്.

എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ 2026 ഓടെ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കമ്മിഷൻ്റെ അംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സർക്കാർ പിന്നീട് അറിയിക്കും. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഴാം ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിലും അലവൻസുകളിലും പെൻഷനുകളിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇത് വേതന തുല്യത ഉറപ്പാക്കുകയും ജീവനക്കാർക്കും വിരമിച്ച പെൻഷൻകാർക്കും പ്രയോജനം നൽകുകയും ചെയ്തു. ഇപ്പോൾ എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ നടപ്പാക്കാനുള്ള നടപടികളാണ് നടക്കുന്നത്.

ശമ്പള കമ്മീഷൻ്റെ പ്രവ‍ർത്തനം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലുകൾ, അലവൻസുകൾ, ആനുകൂല്യങ്ങൾ എന്നിവയിലെ മാറ്റങ്ങൾ അവലോകനം ചെയ്യുന്നതിനും ശുപാർശ ചെയ്യുന്നതിനുമായി ഓരോ 10 വർഷത്തിലും കേന്ദ്ര ശമ്പള കമ്മീഷനുകൾ സ്ഥാപിക്കപ്പെടുന്നു. ഈ കമ്മീഷനുകൾ പണപ്പെരുപ്പവും സാമ്പത്തിക സ്ഥിതിയും പോലുള്ള ഘടകങ്ങൾ കണക്കിലെടുക്കുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 2014 ഫെബ്രുവരി 28-ന് ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചു. നവംബർ 19, 2015-ന് അതിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു. 2016 ജനുവരി 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചു.

ഈ സമയക്രമത്തെ അടിസ്ഥാനമാക്കി, എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കാം. മുൻ കമ്മീഷനുകൾ പോലെ, പെൻഷൻകാർക്ക് ഡിയർനസ് അലവൻസും (ഡിഎ) ഡിയർനസ് റിലീഫും (ഡിആർ) ഉൾപ്പെടെയുള്ള ശമ്പള പരിഷ്കരണങ്ങൾ എട്ടാം ശമ്പള കമ്മീഷൻ വരുന്നതോടെ നടപ്പിലാകും.

pathram desk 1:
Leave a Comment