നോർത്ത് പറവൂർ: ചേന്ദമംഗലത്ത് അതി ക്രൂരമായി ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിൻ്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഋതുവിന്റെ കയ്യിൽ ഈ സമയം ഇരുമ്പ് വടിയുണ്ടായിരുന്നു. ഇതിനിടെ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകർത്തിയിരുന്ന വേണുവിന്റെ മകൾ വിനീഷയുടെ ഫോൺ ഇയാൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ഋതു തലയ്ക്കടിക്കുകയായിരുന്നുൂ. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാൾ ഉപദ്രവിച്ചില്ല.
കൊലപാതകം നടന്ന ശേഷം ജിതിന്റെ സ്കൂട്ടറിലാണു ഋതു സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ആ വഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ഋതുവിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിതിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി ഋതു മയക്കുമരുന്ന ലഹരിയിലാണു കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കും.
Chendamangalam triple murder: A seemingly minor argument over a dog escalated into a brutal triple murder in Chendamangalam, Kerala. The accused, Rithu, is in police custody.
Ernakulam News Kerala News Death Murder Arrest PATHAM ONLINE
Leave a Comment