ജറുസലേം: ഗാസയിൽ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ഇരു രാജ്യങ്ങളും കരാർ അംഗീകരിച്ചാൽ മധ്യപൂർവ ദേശത്തെ ആശങ്കയിലാക്കിയ ദിവസങ്ങൾക്കു വിരാമമാകും. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. യുദ്ധം ആരംഭിച്ച് 15–ാം മാസമാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ ശാന്തിയുടെ ദിനങ്ങൾ വന്നെത്തുമെന്നാണ് സൂചന. പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഗാസ വെടിനിർത്തൽ കരടുരേഖ ഹമാസ് അംഗീകരിച്ചു. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുൻകയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചയിലാണു കരടുരേഖയായത്. ജനുവരി 20നു ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപു വെടിനിർത്തൽ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളിൽ യുഎൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ 3 ഘട്ടമായാണു നടപ്പിലാക്കുക. 2023 ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്ക്.
Israel Hamas Reach Ceasefire Agreement Designed To End Gaza War: Reports Israel Palestine Conflict Gaza Strip World News
Leave a Comment