മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ആറു തവണ കുത്തേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാ നാഡിയോട് ചേർന്നും പരുക്കേറ്റിട്ടുണ്ട്. നടൻ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകള്‍. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ വച്ച് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റത്.
അക്രമിസംഘവുമായി വാക്കുതർക്കമുണ്ടായെന്നും ഇതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ മുറിയിൽ വച്ചാണ് ആക്രമണം. മോഷ്ടാവ് അകത്തു കയറിയെന്നറിഞ്ഞതിന് പിന്നാലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം അവിടെ എത്തിയതെന്നാണ് നിഗമനം.
വീടിനകത്ത് നിന്നാരെങ്കിലും വാതിൽ തുറന്നു കൊടുത്തിട്ടാകാം മോഷ്ടാവ് ഉള്ളിൽ കയറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിൽ ജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയുൾപ്പെടെ പൊലീസ് ചോദ്യം ചെയ്യും. മൂന്നു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ബാന്ദ്രയിലെ സത്ഗുരു ശരൺ സൊസൈറ്റിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. 12–ാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടേക്ക് അക്രമിക്ക് എത്താൻ സാധിച്ചെന്നും സംഭവത്തിന് ശേഷം രക്ഷപ്പെടാൻ കഴിഞ്ഞു എന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആരുടെയെങ്കിലും സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവ സമയത്ത് സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഭാര്യ കരീന കപൂർ സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സെയ്ഫ് അലി ഖാനൊപ്പമായിരുന്നു കരീനയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റു കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരീന കപൂറിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. യാതൊരു വിധത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു.
ബാന്ദ്രയിലെ ആഡംബരപൂർണമായ നാലു നില മാളികയിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. ഭാര്യ കരീന കപൂറും മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. ആധുനിക ഡിസൈനിലും രാജകീയ ശൈലിയിലുമാണ് വീട് നിർമിച്ചത്. വിശാലമായ ബാൽക്കണികളും വീടിനുണ്ട്.
2023 കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1,300 കോടിയാണ്. പ്രതിവർഷം 30 കോടി രൂപ അദ്ദേഹം സമ്പാദിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബെൻസ്, ഔഡി ക്യു 7, ജീപ്പ് വ്രാങ്ക്‌ലർ തുടങ്ങി ആഡംബര വാഹനങ്ങളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്.
Saif Ali Khan stabbing Bollywood actor Saif Ali Khan was seriously injured in a home invasion and stabbing incident at his Bandra residence. The police are investigating the possibility of inside help and the actor is currently recovering in hospital. Saif Ali Khan Kareena Kapoor Bollywood Mumbai News India News
Leave a Comment