നെയ്യാറ്റിൻകര: പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിൽ വിവാദ കല്ലറ പൊലീസ് തുറന്നു. ഇരിക്കുന്ന നിലയിൽ കല്ലറയിൽ നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു ചുറ്റും ഭസ്മവും സുഗന്ധദ്രവങ്ങളുമുണ്ട്. തുടർ നടപടികൾക്കായി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്.
ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധനയാണു പൊലീസ് നടത്തുക.
കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലാണ്. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. കല്ലറയിലെ മൃതദേഹത്തിന്, കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗോപന്‍ സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കുന്നു. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്.
സംഘർഷസാധ്യത കണക്കിലെടുത്ത് 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പുലർച്ചെതന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു; ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. ടാർപോളിൻ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേൽമൂടി തുറന്നത്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആർഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാൻ ശ്രമിച്ചിരുന്നു. ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളും കുടുംബവും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ സംഘർഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്.
സമാധിയായി എന്നു പറയപ്പെടുന്ന ഗോപന്റെ ഭാര്യ സുലോചന ആർഡിഒ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നു ഹൈക്കോടതി ആരാഞ്ഞു. മരണസർട്ടിഫിക്കറ്റില്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. എഫ്ഐആർ റജിസ്റ്റർ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്.
സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോയെന്നു തിരിച്ചറിയണം. എങ്ങനെയാണു മരിച്ചതെന്ന് അറിയിക്കാൻ കുടുംബത്തോടും ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അന്തിമവിധി അനുസരിക്കുമെന്നു നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) കുടുംബം പ്രതികരിച്ചു. കല്ലറ തുറക്കുന്നതിനു സമീപം നിൽക്കണമെന്നു തന്നോട് പൊലീസ് ആവശ്യപ്പെട്ടെന്നും താൻ തയാറായില്ലെന്നും ഗോപന്റെ മകൻ സനന്തൻ പറഞ്ഞു.
Neyyatinkara Gopan Swami Tomb Controversial Tomb Opening Updates Kerala News Thiruvananthapuram News Kerala Police
Neyyattinkara pathram onine pathram news latest updates samadhi news neyyattinkara gopan
Leave a Comment