ബലാത്സംഗ കേസില്‍ കുടുങ്ങി ഹരിയാന ബിജെപി അധ്യക്ഷന്‍; മോഹന്‍ലാല്‍ ബദോളിയക്കും ഗായകന്‍ റോക്കി മിത്തലിനും എതിരേ കേസ്; മദ്യം കുടിപ്പിച്ചു കൂട്ടബലാത്സംഗം ചെയ്‌തെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പ്രശസ്ത ഗായിക

 

ബലാത്സംഗ കേസില്‍ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ മോഹന്‍ ലാല്‍ ബദോളിക്കും ഗായകന്‍ റോക്കി മിത്തലിനും എതിരേ കേസ്. 2023 ല്‍ കസൗലിയില്‍ ഒരു സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ഹിമാചല്‍ പ്രദേശിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹരിയാന സ്വദേശിയായ ഗായികയുടെ പരാതിയില്‍, 2024 ഡിസംബര്‍ 13 ന് കസൗലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്, പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 ജൂലൈയില്‍ സോളന്‍ ജില്ലയിലെ ഒരു ഹോട്ടലില്‍ വച്ചാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. ബദോളിയും മിത്തലും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഗായിക പറയുന്നു. കൂട്ടബലാത്സംഗത്തിന് 376ഡി, ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് 506 എന്നീ വകുപ്പകളാണ് മിത്തലിനും ബദോളിക്കും എതിരേ ചേര്‍ത്തിരിക്കുന്നത്. 2016 മുതല്‍ 2017 വരെ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ നയിച്ച ബിജെപി സര്‍ക്കാരിന്റെ പബ്ലിസിറ്റി അഡൈ്വസര്‍ ആയിരുന്നു ജയ് ഭഗവാന്‍ എന്ന റോക്കി മിത്തല്‍. 2020 വരെ ഇയാള്‍ ബിജെപി സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച ഏക് ഓര്‍ സുധര്‍’ സെല്ലിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. പിന്നീട് റോക്കിയുടെ പ്രവര്‍ത്തന ശൈലി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ അയാളെ പുറത്താക്കുകയായിരുന്നു. ബദോളി ഈ വര്‍ഷം വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ പൊലീസിന്റെയോ, കുറ്റാരോപിതരുടെയോ ഭാഗത്ത് നിന്നും യാതൊരുവിധ പ്രതികരണവും ലഭിച്ചിട്ടില്ലെന്നാണ് ദി പ്രിന്റ് പറയുന്നത്.

എഫ് ഐ ആറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്; 2023 ല്‍ പരാതിക്കാരിയും സുഹൃത്തും കസൗലിയിലേക്കുള്ള യാത്രയുടെ ഭാഗമായി തങ്ങിയ എച്ച്പിഐഡിസി റോസ് കോമണ്‍ ഹോട്ടലില്‍ വച്ച് ബദോളിയെയും മിത്തലിനെയും കാണുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് മിത്തലും ബദോളിയും പരാതിക്കാരിയെയും കൂട്ടുകാരിയെയും തങ്ങളുടെ മുറിയിലേക്ക് ക്ഷണിച്ചു കൊണ്ടു പോയി. താനൊരു ഗായകനാണെന്നും, തന്റെ അടുത്ത മ്യൂസിക് ആല്‍ബത്തില്‍ അവസരം നല്‍കാമെന്നും മിത്തല്‍, പരാതിക്കാരിക്ക വാഗ്ദാനം ചെയ്തു. വളരെ സ്വാധീനമുള്ളൊരു രാഷ്ട്രീയക്കാരന്‍ ആണെന്നാണ് ബദോളി സ്വയം പരിചയപ്പെടുത്തിയത്. പരാതിക്കാരിക്ക് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന് ഉറപ്പും കൊടുത്തു.

മുറിയില്‍ വച്ച്, കുറ്റാരോപിതര്‍ പരാതിക്കാരിയെയും സുഹൃത്തിനെയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അതിനുശേഷം പരാതിക്കാരിയെ ബലാത്സംഗത്തിന് വിധേയയാക്കി. അവരുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. ഈ കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്നായിരുന്നു പരാതിക്കാരിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയത്. തങ്ങള്‍ എടുത്ത ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വിടുമെന്നും പേടിപ്പിച്ചിരുന്നു.

പരാതിക്കാരി പറയുന്ന മറ്റൊരു ആരോപണം, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെയും സുഹൃത്തിനെയും പഞ്ച്കുളയില്‍ എത്തിക്കാന്‍ മിത്തലും ബദോളിയും നിര്‍ബന്ധിത ശ്രമം നടത്തിയെന്നാണ്. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പരാതിക്കാരി പറയുന്നു. മിത്തലിനും ബദോളിക്കുമെതിരേ കര്‍ശന നിയമനടപടി ഉണ്ടാകണമെന്നും, അവരുടെ ഫോണുകളില്‍ നിന്നും തന്റെ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്യണമെന്നും പരാതിയില്‍ ഗായിക ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദി പ്രിന്റ് പറയുന്നു.

pathram desk 6:
Related Post
Leave a Comment