കൊച്ചി: പാര്‍ട്ടിയുടെ നയം മദ്യവര്‍ജനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ച് കഴിക്കണം. റോഡില്‍ ഇറങ്ങി ബഹളം വെക്കാന്‍ പാടില്ല. നാല് കാലില്‍ കാണാന്‍ പാടില്ല. കള്ളു കുടിക്കാന്‍ വേണ്ടി ഏതെങ്കിലും പണക്കാരന്റെ കമ്പനി കൂടാന്‍ പാടില്ല. അവരുടെ കൈയില്‍ നിന്ന് കാശുവാങ്ങി കുടിക്കാന്‍ പാടില്ല – ബിനോയ് വിശ്വം വ്യക്തമാക്കി.
മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുളള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഡിസംബര്‍ 28ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ വച്ച രേഖ സഹിതം പുറത്തുവിട്ടുകൊണ്ട് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
സിപിഐയുടെ സംഘടനാരീതി അനുസരിച്ച് പാര്‍ട്ടി അംഗങ്ങള്‍ പൊതുവേദികളിലും മറ്റും മദ്യപിക്കുന്നതിന് തടസമുണ്ടായിരുന്നു. പുതുക്കിയ പെരുമാറ്റചട്ടമനുസരിച്ച് മദ്യാപാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിച്ചത്. എന്നാല്‍ ഈ കാര്യം സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ തൊഴിലാളികളും മറ്റ് സാധാരണക്കാരുമുള്ള പാര്‍ട്ടിയില്‍ എങ്ങനെയാണ് മദ്യപാനം കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള തീരുമാനം പ്രായോഗികമായി നടപ്പിലാക്കുകയെന്ന ചോദ്യം ഉയര്‍ന്നു. അതോടുകൂടിയാണ് ഇപ്പോള്‍ മദ്യപിച്ച് പൊതുവേദിയില്‍ വരരുത് എന്ന രീതിയിലുള്ള നിര്‍ദേശം വച്ചത്.
Leave a Comment