മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബം ഉൾപ്പെട്ടതായി സംശയം. കേരളത്തിൽനിന്ന് വിനോദസഞ്ചാരത്തിനായി മുംബൈയിലെത്തിയ മലയാളി ദമ്പതിമാർ അപകടത്തിൽപ്പെട്ടതായാണ് രക്ഷപ്പെട്ട കുട്ടിയിൽ നിന്ന് ലഭിക്കുന്ന വിവരം.
അപകടത്തിൽ പരുക്കേറ്റ്, നവി മുംബൈയിലെ ഉറാനിലുള്ള ജെഎൻപിടി ആശുപത്രിയിൽ കഴിയുന്ന ആറുവയസുകാരൻ നൽകിയ വിവരമനുസരിച്ച് അപകടം നടന്ന ബോട്ടിൽ കുട്ടിയുടെ മാതാപിതാക്കളുമുണ്ടെന്നാണ് അറിയുന്നത്.
അപകടത്തിൽ പരുക്കേറ്റ 101 പേരെ ആറോളം ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനാൽ മലയാളി ദമ്പതിമാർ ഇവിടെ എവിടെയെങ്കിലും ചികിത്സയിലുണ്ടോ എന്നതുൾപ്പടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പോലീസിനൊപ്പം മുംബൈയിലെ മലയാളി കൂട്ടായ്മകളും രംഗത്തെത്തി. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീൽകമൽ എന്ന യാത്ര ബോട്ടിലേക്ക് ആറുപേർ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. നൂറിലധികം പേരാണ് യാത്രാ ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 13 പേർ മരിക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. സ്പീഡ് ബോട്ട് കടലിൽ സിഗ്സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേൺ ചെയ്ത് യാത്ര ബോട്ടിന് നേരെയെത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തിൽകാണാം.
സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിൻ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിൻ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോൾ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത് എന്നാണ് വിവരം. നാവികസേനയുടെ ബോട്ടിൽ രണ്ട് നാവികസേനാംഗങ്ങളും എൻജിൻ വിതരണം ചെയ്ത സ്ഥാപനത്തിലെ നാല് അംഗങ്ങളും ഉൾപ്പെടെ ആറുപേർ ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. അതേസമയം, ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കൃത്യതയില്ലാത്തതിനാൽ എത്രപേരെ ഇനിയും കണ്ടെത്താനുണ്ട് എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
Leave a Comment