ഫ്‌ളോറിഡ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മരലാഗോ റിസോർട്ടിനോട് ചേർന്നുള്ള ആഡംബര ബംഗ്ലാവ് സ്വന്തമാക്കാൻ ഇലോൺ മസ്‌ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള 10 കോടി ഡോളർ (ഏകദേശം 848.03 കോടി രൂപ) വിലയുള്ള പെന്റ്ഹൗസാണ് മസ്ക് വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ബ്യൂട്ടി ബ്രാൻഡുകളായ ആർഡെൽ, മാട്രിക്‌സ് എസൻഷ്യൽസ് തുടങ്ങിയവയുടെ ഉടമയായ അന്തരിച്ച സിഡൽ മില്ലറുടെ ഉടമസ്ഥതയിലുള്ള ആഢംബര ബംഗ്ലാവാണിത്. 25 നിലയിൽ വാട്ടർ ഫ്രണ്ടേജോടുകൂടിയ 1000 ചതുരശ്ര അടി വിസ്തീർണമുള്ള കൂറ്റൻ കെട്ടിടം. സ്പാ, ഫിറ്റ്‌നസ് സെൻഡർ, പൂൾ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത സൗകര്യങ്ങളും ആഡംബരങ്ങളും ഇതിനുള്ളിലുണ്ട്.
ട്രംപിന്റെ മരലാഗോ റിസോർട്ട് മസ്‌കിന്റെ ഇഷ്ട കേന്ദ്രമാണ്. നിരവധി തവണ അദ്ദേഹം ഇവിടെ സമയം ചിലവഴിക്കാനായി എത്തിയിരുന്നു. അവധി ദിവസങ്ങളിൽ തന്റെ മക്കളോടൊപ്പവും മസ്‌ക് ഇവിടെ വരാറുണ്ട്. ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ (DOGE) ഏജൻസിയുടെ തലപ്പത്തേക്ക് ഇലോൺ മസ്‌കിനെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതോടെ മസ്‌കിന് മരലാഗോ റിസോർട്ടിനടുത്തുള്ള ആഡംബര ബംഗ്ലാവിനോടുള്ള പ്രിയം ഏറിയിരിക്കുകയാണ്.
Leave a Comment