പെരിന്തൽമണ്ണ: നാടിനെ ദുഃഖത്തിലാക്കി നവവധുവിൻ്റെ അപകടമരണം. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചായിരുന്നു മരണം. അൽശിഫ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ ജൂബിലി ജംക്‌ഷനു സമീപമാണ് അപകടം.
ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്‌ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അസ്‌ഹറിനൊപ്പം യാത്ര ചെയ്യുമ്പോൾ പിന്നിൽ നിന്നെത്തിയ ക്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങൾ: നിയ, സിയ.
Leave a Comment