തല്ലിയ കൈകൾക്കൊണ്ട് തന്നെ തലോടൽ; പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം, നിയമനം ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് നികത്താൻ

കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തെതുടർന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച പിപി ദിവ്യ ഇനി ജില്ലാ പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം. ദിവ്യയുടെ നിയമനത്തോടെ ധനകാര്യ സ്ഥിരം സമിതിയിലുണ്ടായിരുന്ന ഒഴിവ് ഇതോടെ നികത്തി. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ പാര്‍ട്ടി ഇടപെട്ട് നീക്കിയിരുന്നു. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്‌നകുമാരിയെ പാര്‍ട്ടി നിര്‍ദേശിക്കുകയും ചെയ്തു.

നവീൻ ബാബുവിന്റെ മരണത്തിനു മുൻപ് ബോ​ധ​പൂ​ർ​വം അപമാനിക്കാനുള്ള ശ്ര​മം ദി​വ്യ ന​ട​ത്തിയെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ നിയമന ഉത്തരവ്.

അന്വേഷണം ശരിയായ ദിശയിൽ, നവീനെ അപമാനിക്കാനുള്ള ബോധപൂർവ ശ്രമം ദിവ്യയുടെ ഭാ​ഗത്തുനിന്നുണ്ടായി, ക്ഷണിക്കാതെ യോ​ഗത്തിലേക്ക് നുഴഞ്ഞുകയറി, ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ല​ഭി​ച്ചിട്ടില്ല- സർക്കാർ ഹൈക്കോടതിയിൽ
നവീന്റെ മരണത്തിൽ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദിവ്യ റിമാന്‍ഡിലായപ്പോള്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. അതേ സമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി വാദം കേള്‍ക്കാന്‍ മാറ്റി. വ്യാഴാഴ്ചയായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് കോടതിയുടെ പ്രതികരണം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് ഡയറിയും കോടതി പരിശോധിക്കും. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന നിലപാടാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

pathram desk 5:
Leave a Comment