അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നിർണായകമായ ടോസ് ഭാഗ്യം ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കൊപ്പം. ടോസ് ലഭിച്ച രോഹിത് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് പുറത്തായത്. താൻ മധ്യനിരയിലാകും ബാറ്റു ചെയ്യുകയെന്ന് രോഹിത് വിശദീകരിച്ചതോടെ, കെ.എൽ. രാഹുൽ – യശസ്വി ജയ്സ്വാൾ സഖ്യമാകും ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്യുകയെന്ന് ഉറപ്പായി. ഓസീസ് നിരയിൽ പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ട് ടീമിലെത്തി.
രോഹിത്തിനൊപ്പം ശുഭ്മൻ ഗില്ലും തിരിച്ചെത്തുന്നതോടെ വീര്യം വർധിച്ച ബാറ്റിങ് നിരയാകും ഇന്ത്യയുടെ കരുത്ത്. പെർത്ത് ടെസ്റ്റിലെ 295 റൺസ് വിജയവും പരമ്പരയിലെ മുൻതൂക്കവും (1–0) ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുമ്പോൾ അഡ്‌ലെയ്ഡിൽ നടന്ന കഴിഞ്ഞ 7 ഡേ–നൈറ്റ് ടെസ്റ്റുകളിലെ വിജയ ചരിത്രം ഓസീസിന് അനുകൂലമാണ്. നാട്ടിൽ ഇതുവരെ നടന്ന 12 ഡേ–നൈറ്റ് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് ഓസ്ട്രേലിയ തോൽവി വഴങ്ങിയത്. പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ടിനെ ഓസ്ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തി. ഇന്നു രാവിലെ 9.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.
ടെസ്റ്റിൽ 6 വർഷത്തിനുശേഷമാണ് രോഹിത് ശർമ മധ്യനിര ബാറ്റിങ്ങിലേക്ക് ഇറങ്ങുന്നത്. 2018 മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ രോഹിത് ഈ പൊസിഷനിൽ അർധ സെഞ്ചറി നേടിയിരുന്നു. വൺഡൗൺ ബാറ്ററായി ശുഭ്മൻ ഗിൽ തിരിച്ചെത്തുകയും നാലാമനായി വിരാട് കോലി ഇറങ്ങുകയും ചെയ്യുന്നതിനാൽ അഞ്ചാം നമ്പർ പൊസിഷനിൽ രോഹിത് ബാറ്റ് ചെയ്തേക്കും.
മധ്യനിരയിലെ ഏക ഇടംകൈ ബാറ്ററായ പന്തിന്റെ സ്ഥാനത്തിൽ മാറ്റംവരുത്താതെ, രോഹിത് ആറാമനായി ഇറങ്ങാനും സാധ്യതയുണ്ട്. ഓപ്പണിങ് കഴിഞ്ഞാൽ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്തിന്റെ മികച്ച ബാറ്റിങ് പ്രകടനം ആറാം നമ്പറിലാണ്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്ന് വെറും 133 റൺസ് മാത്രം നേടി മോശം ഫോമിൽ തുടരുന്ന ക്യാപ്റ്റന് ഈ പരമ്പരയിലെ പ്രകടനം നിർണായകമാണ്.
∙ ഇന്ത്യൻ ബാറ്റർമാർക്കു പേടി സ്വപ്നമാണ് അഡ്‍ലെയ്ഡ് ഓവൽ സ്റ്റേഡിയം. 4 വർഷം മുൻപ് ഇവിടെ നടന്ന ഡേ–നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 റൺസിന് ഓൾഔട്ടായിരുന്നു. ടെസ്റ്റ് ഇന്നിങ്സിലെ തങ്ങളുടെ ഏറ്റവും മോശം സ്കോറെന്ന നാണക്കേടു വഴങ്ങിയ ടീം ഇന്ത്യ ആ മത്സരത്തിൽ പരാജയപ്പെട്ടു. അതിനുശേഷം ഇന്ത്യൻ ടീം വിദേശത്ത് കളിക്കുന്ന ആദ്യ ഡേ–നെറ്റ് ടെസ്റ്റ് ഇതാണ്.
∙ ഈ ടെസ്റ്റിൽ ഒരു വിക്കറ്റ് കൂടി നേടിയാൽ ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബോളറായി ജസ്പ്രീത് ബുമ്ര മാറും. ഈ ടെസ്റ്റിൽ ഒരു സെഞ്ചറി നേടിയാൽ അഡ്‌ലെയ്ഡ് ഓവലിൽ 4 സെഞ്ചറികൾ നേടുന്ന ആദ്യ വിദേശ ബാറ്ററാകും വിരാട് കോലി.
Leave a Comment