ന്യൂഡൽഹി: പഠിക്കാത്തതിനു ശകാരിക്കുകയും മർദിക്കുകയും ചെയ്ത മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി 20 കാരൻ. സൗത്ത് ഡൽഹിയിൽ ദമ്പതിമാരെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ മകൻ അർജുനാണെന്ന് പോലീസ് കണ്ടെത്തൽ.
അർജുന്റെ മാതാപിതാക്കളായ രാജേഷ് കുമാർ (51), കോമൾ (46), സഹോദരി കവിത (23) എന്നിവരെ ബുധനാഴ്ച രാവിലെ ഡൽഹിയിലെ നെബ് സരായിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ദമ്പതികളുടെ വിവാഹ വാർഷിക ദിനമായിരുന്നു. രാവിലത്തെ പതിവു നടത്തം കഴിഞ്ഞു മടങ്ങിയെത്തിയ മകൻ അർജുനാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ സ്വന്തം കുടുംബത്തിന്റെ കൊലയാളിയായി മാറിയ കഥ പുറംലോകമറിയുന്നത്.
മരണം നടന്ന സ്ഥലത്ത് മോഷണങ്ങളൊന്നും നടന്നിട്ടില്ലെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും സംശയാസ്പദമായ ഒന്നുംതന്നെ കണ്ടെത്തിയില്ല. അയൽക്കാരുമായും കുടുംബത്തിനു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് പൊലീസിന്റെ സംശയം ദമ്പതികളുടെ മകനായ അർജുനിലേക്ക് തിരിഞ്ഞത്. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് അർജുൻ ആദ്യം ശ്രമിച്ചതെന്നും എന്നാൽ ചോദ്യം ചെയ്യലിൽ പൊട്ടിത്തെറിച്ച ഇയാൾ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പരിശീലനം ലഭിച്ച സംസ്ഥാനതല ബോക്‌സറായ അർജുൻ ബിരുദ വിദ്യാർഥിയാണ്. തന്റെ പിതാവ് നന്നായി പഠിക്കാത്തതിനു തന്നെ ശകാരിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്. മറ്റുള്ളവരുടെ മുന്നിൽ വച്ചുള്ള ശകാരം അപമാനിതനാക്കി. വീട്ടിൽ ആരും പിന്തുണയ്‌ക്കാത്തതിനാൽ പിതാവിനോടും കുടുംബാംഗങ്ങളോടും കടുത്ത പക ഉണ്ടായിരുന്നു. അവഗണനയും ഒറ്റപ്പെടലും അനുഭവപ്പെട്ടു. സഹോദരി കവിതയ്ക്ക് സ്വത്ത് വിട്ടുനൽകാൻ പിതാവ് തീരുമാനിച്ചതായി അടുത്തിടെയാണ് താൻ അറിഞ്ഞതെന്നും അർജുൻ പൊലീസിനോട് പറഞ്ഞു.
ഇതോടെ മൂവരേയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ രാവിലെ ഉറക്കത്തിലായിരുന്ന ഇരുവരെയും സഹോദരിയെയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നും അർജുൻ പൊലീസിനോട് പറഞ്ഞു. നടക്കാൻ പോകുന്നതിനു മുൻപ് മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകൾ നേരുകയും തിരികെയെത്തിയപ്പോൾ അവരെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതായാണ് അർജുൻ തങ്ങളോട് പറഞ്ഞതെന്നാണ് അയൽവാസികൾ പറഞ്ഞത്.
Leave a Comment