ഭർത്താവിനെ കൺമുന്നിലിട്ട് മർദ്ദിച്ചിട്ടും നോക്കി നിന്നു, അനീഷുമായുള്ള പാർട്ണർഷിപ്പും സൗഹൃദവും ഉപേക്ഷിക്കാൻ പറഞ്ഞിട്ടും കേട്ടില്ല, ഭാര്യ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ല, മകളെയോർത്ത് മാത്രം സങ്കടം

കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് സങ്കടമോ, മാനസിക പ്രയാസമോയില്ലെന്ന്പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നു പറഞ്ഞ പ്രതി പത്മരാജന്‍ (60) 14 വയസുള്ള തന്റെ മകളെ ഓര്‍ത്തുമാത്രമാണ് വിഷമമെന്നും പ്രതി പോലീസിനോട് പറഞ്ഞു.

അനിലയുടെ ബേക്കറിയിലെ പാര്‍ട്ണറും സുഹൃത്തുമായ അനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പത്മരാജന്‍ ഭാര്യയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനില ഇതിന് തയാറായില്ല. കൂടാതെ കഴിഞ്ഞദിവസം ബേക്കറിയില്‍വച്ച് അനീഷ് തന്നെ മര്‍ദിച്ചതായും പത്മരാജന്റെ മൊഴി. അനിലയുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. കണ്‍മുന്നിലിട്ട് തന്നെ അനീഷ് മര്‍ദിച്ചിട്ടും ഭാര്യ അനീഷിനെ പിടിച്ചുമാറ്റാന്‍ പോലും തയ്യാറായില്ലെന്നും ഇത് വലിയ മാനസികവിഷമമുണ്ടാക്കിയെന്നും പത്മരാജന്‍ പോലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചെമ്മാന്‍മുക്കില്‍വച്ചാണ് പത്മരാജന്‍ ഭാര്യ അനില (44)യെ തീകൊളുത്തി കൊലപ്പെടുത്തിയത്. കാറിലെത്തിയ പ്രതി ഭാര്യ ഓടിച്ചിരുന്ന കാര്‍ തടഞ്ഞശേഷം അതിനോട് ചേര്‍ത്തുനിര്‍ത്തി ഭാര്യയുടെ നേരേ പെട്രോളൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവസമയം അനിലയും ബേക്കറിയിലെ ജീവനക്കാരനായ യുവാവുമായിരുന്നു കാറിലുണ്ടായിരുന്നു. ഡോര്‍ തുറന്ന് രക്ഷപ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നായേഴ്‌സ് ഹോസ്പിറ്റലിനു സമീപം മൂന്നുമാസംമുന്‍പ് തുടങ്ങിയ ബേക്കറി പൂട്ടി കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു അനില. അനിലയ്‌ക്കൊപ്പം ബേക്കറിയിലെ പാര്‍ട്ണറായ അനീഷ് ആണെന്ന് കരുതിയാണ് പത്മരാജന്‍ ആക്രമണം നടത്തിയത്. അനിലയും സുഹൃത്തായ അനീഷും തമ്മിലുള്ള സൗഹൃദം പത്മരാജന് ഇഷ്ടമായിരുന്നില്ല. അതിനാലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ അനിലയുടെ കാറും പത്മരാജന്റെ കാറും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നാട്ടില്‍ കാറ്ററിങ് സര്‍വീസ് നടത്തുകയാണ് പത്മരാജന്‍.

കരുനാഗപ്പള്ളിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അനിലയുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവസ്ഥലത്ത് മോട്ടോര്‍ വാഹനവകുപ്പും ഫൊറന്‍സിക് സംഘവും ബുധനാഴ്ച പരിശോധന നടത്തും.

pathram desk 5:
Related Post
Leave a Comment