പാലക്കാട്: നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ട്രോളി ബാഗ് കേസില്‍ നുണപരിശോധനക്ക് വരെ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല. ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം പാര്‍ട്ടി നേതാക്കള്‍ പോലും ഏറ്റെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വില എത്രയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആ പെട്ടി അടക്കാന്‍ കോണ്‍ഗ്രസ്സ് ഉദ്ദേശിച്ചിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
നീല ട്രോളി വിവാദത്തില്‍ സിപിഐഎം പറഞ്ഞ വാദങ്ങളില്‍ തെറ്റില്ലെന്ന പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിൻ്റെ പ്രതികരണത്തോടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മറുപടി. കള്ളപ്പണം വന്നതായി സംശയിക്കുന്നു എന്നാണ് സിപിഐഎം പറഞ്ഞത്. ഹോട്ടലില്‍ എന്തിന് ഫെനി വന്നു എന്നതാണ് ചോദ്യം. കോണ്‍ഗ്രസ് നേതാക്കളുള്ള മുറിയിലേക്ക് എന്തിന് പെട്ടി കൊണ്ടുവന്നു എന്ന ചോദ്യവും ഇ എന്‍ സുരേഷ് ബാബു ആവര്‍ത്തിച്ചു.
പൊലീസ് കുറുവ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താല്‍ കള്ളപ്പണം വന്നവിവരം പുറത്തുവരും. പൊലീസിന് ഇതിന് പരിമിതിയുണ്ടാകും. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ്. രണ്ട് പെട്ടി എത്തി എന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായി. സിനിമകളെ വെല്ലുന്ന രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. എന്തിനാണ് പരിശോധന നടന്ന ദിവസം രാത്രി താന്‍ കോഴിക്കോട് ആണെന്ന് രാഹുല്‍ വിളിച്ചുകൂവിയതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചോദിച്ചു.