ജൂവലറി ഉടമകളെ ആക്രമിച്ച് സ്വർണംകവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും, ചെർപ്പുളശേരിയിൽ നിന്നും പിരിഞ്ഞ ഒരു സംഘത്തെ കൂട്ടിക്കൊണ്ടുപോയത് ഡ്രൈവർ അർജുൻ

പെരിന്തൽമണ്ണ: സ്കൂട്ടറിൽ പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും. ബാലഭാസ്‌കർ മരിക്കുന്ന സമയത്ത് ഡ്രൈവറായിരുന്ന അർജുനും കൂടെയുണ്ടായിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നും നേരത്തെ ആരോപണമുയർന്നിരുന്നു. അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി പെരിന്തൽമണ്ണയിലെ കേസിന് ബന്ധമില്ലെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രതികരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമയേയും സഹോരനേയും ആക്രമിച്ച് പ്രതികൾ മൂന്നരക്കിലോ സ്വർണം കവർന്നത്. ആസൂത്രിതമായി നടന്ന വൻകവർച്ചയിൽ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതിൽ തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ടിൽ ലൈനിൽ കുറിയേടത്തു മന അർജുനും (28) ഉണ്ടായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് നേരത്തെ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനാണു പിടിയലായതെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വർണവുമായി ചെർപ്പുളശേരിയിലെത്തിയ ഒരു സംഘത്തെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടുപോയത് അർജുനാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അതേ സമയം പിടിയിലായവരിൽനിന്ന് 1.72 കിലോഗ്രാം സ്വർണവും 32 ലക്ഷം രൂപയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 1.72 കിലോഗ്രാം സ്വർണവും 32.79 ലക്ഷം രൂപയും കണ്ടെടുത്തത്.

പ്രതികളായ തൃശ്ശൂർ സ്വദേശികളുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും പണവും. തൃശ്ശൂർ കിഴക്കുംപാട്ടുകര സ്വദേശി മിഥുൻരാജ് എന്ന അപ്പുവിന്റെ വീട്ടിൽനിന്നാണ് സ്വർണത്തിന്റെ ഉരുക്കിയ നാല് കട്ടകൾ കണ്ടെടുത്തത്. തൃശ്ശൂർ കണ്ണാറ കഞ്ഞിക്കാവിൽ ലിസൺ എന്നയാളുടെ വീട്ടിൽനിന്ന് രണ്ട് സ്വർണ കട്ടകളും അരക്കിലോ സ്വർണം വിറ്റതിന്റെ പണവും കണ്ടെത്തി. പ്രതിയായ പീച്ചി കണ്ണാറ പായ്യാംകോട്ടിൽ സതീഷിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ ഉരുക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7