‘കെജിഎഫ്’ ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിലും ‘മാർക്കോ’യിലെ ആദ്യ സിംഗിൾ ‘ബ്ലഡ്’; പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ഇരു വേർഷനും പുറത്തിറക്കി…!! ഡിസംബർ 20ന് സിനിമയുടെ വേൾഡ് വൈഡ് റിലീസ്…

കൊച്ചി: ‘ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ…’ മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ വരവിന് മുന്നോടിയായി ആദ്യ സിംഗിൾ ‘ബ്ലഡ്’ കെജിഫ് ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിൽ പുറത്തിറങ്ങി. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്നിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയാണ്. വിനായക് ശശികുമാറാണ് ഗാനത്തിന്‍റെ കത്തിമൂർച്ചയുള്ള വരികൾ എഴുതിയിരിക്കുന്നത്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

കഴിഞ്ഞ ദിവസം റാപ്പർ ഡബ്‌സീയുടെ ശബ്‍ദത്തിൽ ‘ബ്ലഡ്’ പുറത്തിറങ്ങിയിരുന്നു. അതിന് പിന്നാലെ കെജിഎഫ് ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിൽ ‘ബ്ലഡ്’ പുതിയ പതിപ്പ് പുറത്തിറക്കുമെന്ന് മാര്‍ക്കോ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് അറിയിച്ചിരുന്നു. ‘ബ്ലഡ്’ പുറത്തിറങ്ങിയ ശേഷം പ്രേക്ഷകർ നൽകുന്ന അഭിപ്രായങ്ങളും നിരുൂപണങ്ങളും ഞങ്ങൾ ഹൃദയപൂർവ്വം സ്വീകരിക്കുന്നുവെന്നും ഞങ്ങൾക്ക് കൂടുതൽ മെച്ചപ്പെടുത്താനും മികച്ചത് ഒരുക്കാനുമുള്ള അവസരമായി ഈ പ്രതികരണങ്ങളെ കാണുന്നുവെന്നും ഷെരീഫ് മുഹമ്മദ് സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയുണ്ടായി. പ്രേക്ഷാഭിപ്രായം മാനിച്ച് ‘കെജിഎഫ്’ ഫെയിം സന്തോഷ് വെങ്കിയുടെ ശബ്‍ദം ഉള്‍ക്കുന്ന ‘ബ്ലഡ്’ പുതുക്കിയ പതിപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞ പ്രകാരമാണ് ഇപ്പോൾ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഡാബ്സി പാടിയ വേർഷനും സന്തോഷ് വെങ്കി പാടിയിരിക്കുന്ന വേർഷനും ഇപ്പോൾ യൂട്യൂബിൽ എത്തിയിട്ടുണ്ട്. രണ്ടും ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിരിക്കുകയാണ്.

ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ ‘മാർക്കോ’ ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ മലയാളം, ഹിന്ദി ടീസറുകള്‍ ഏവരും ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. തങ്ങൾ നിർമ്മിച്ച സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള അവരുടെ ഉറച്ച വിശ്വാസം കൂടിയാണ് ഇതിലൂടെ മനസ്സിലാക്കാനാകുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

‘ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ…!!! ആണായി പിറന്നോനേ ദൈവം പാതി സാത്താനേ…! രക്തം ചീറ്റിച്ച് ‘ബ്ലഡ്’; രവി ബസ്രൂർ – ഡബ്‌സീ കൂട്ടുകെട്ടിൽ ‘മാർക്കോ’യിലെ ആദ്യ സിംഗിൾ

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. ‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

 

pathram desk 1:
Related Post
Leave a Comment