മെസി വരുമോ? ഒടുവിൽ തീരുമാനമായി, മെസി വരിക തന്നെ ചെയ്യും, പ്രഥമ പരി​ഗണന കൊച്ചിക്ക്

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘‘ അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്പെയിനിലേക്കു പോയിരുന്നു. സ്പെയിനിൽവച്ച് ചർച്ച നടത്തി 2025ൽ ഇന്ത്യയിൽ അർജന്റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്.’’– മന്ത്രി പറഞ്ഞു.

‘‘ലോകത്തിലെ തന്നെ നമ്പർ 1 ടീമായ അർജന്റീന കേരളത്തിലെത്തുകയാണ്. എന്നാൽ അതിന്റെ ഔദ്യോഗിക പ്രഖ്യാപനം അർജന്റീനയാണ് നടത്തേണ്ടത്. ഒന്നര മാസത്തിനകം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ വരും. സർക്കാരും അർജന്റീന ടീമും ചേർന്ന് മത്സരത്തിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും.’’– മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതേസമയം അർജന്റീനയുടെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ മന്ത്രി പ്രതികരിച്ചിട്ടില്ല. ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീം തന്നെ അർജന്റീനയെ നേരിടാൻ ഇറങ്ങുമെന്നാണു പുറത്തുവരുന്ന വിവരം. കൊച്ചിയിൽ മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് അറിയുന്നത്.

‘‘സർക്കാരിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേർന്ന് മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുകയെന്നും മന്ത്രി പ്രതികരിച്ചു.

pathram desk 5:
Related Post
Leave a Comment