അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (ദേശീയപ്പെരുന്നാള്‍) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് ‘യൂണിയൻ’ (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971 ഡിസംബർ 2ന് എമിറേറ്റ്‌സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ ഐഡൻ്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണെന്നും സമിതി വ്യക്തമാക്കി.
എല്ലാ വർഷവും ഡിസംബർ 2ന് എമിറേറ്റ്സ് ഭരണാധികാരികൾ സാധാരണയായി പങ്കെടുക്കുന്ന ബൃഹത്തായ പരിപാടി അരങ്ങേറും. എന്നാൽ പരിപാടിയുടെ ലൊക്കേഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഏഴ് എമിറേറ്റുകളിലുമുള്ള ‘ഈദ് അൽ ഇത്തിഹാദ് സോണു’കളിൽ ഒന്നിലേറെ പരിപാടികൾ ഉണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു.
നീണ്ട വാരാന്ത്യമാണ് ഈ വർഷത്തെ ദേശീയ ദിന അവധി. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ). ഇത് ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ നാല് ദിവസത്തെ അവധിയാണ് ലഭിക്കുകയെന്ന് 53-ാമത് ‘ദേശീയപ്പെരുന്നാള്‍’ ആഘോഷത്തിന്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽസുബൗസി പറഞ്ഞു.
ഏഴ് എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ എല്ലാവരേയും ക്ഷണിക്കുന്നു. ഈ ആഘോഷങ്ങളെ പിന്തുണച്ച് തയാറെടുപ്പുകളിൽ പ്രചോദനം നൽകുന്നതിനും സഹായിക്കുന്നതിനുമായി സമഗ്രമായ മാർഗരേഖകൾ തയാറാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കുടുംബങ്ങൾ എന്നിവരെ ഈ സുപ്രധാന ആഘോഷത്തിൽ പങ്കുചേരാനും പ്രോത്സാഹിപ്പിക്കുന്നു. ‘ദേശീയപ്പെരുന്നാള്‍’ സുസ്ഥിരതയുടെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടും. മാലിന്യങ്ങൾ കുറയ്ക്കുക, ഉള്ളത് റീസൈക്കിൾ ചെയ്യുക അല്ലെങ്കിൽ അപ്സൈക്കിൾ ചെയ്യുക, വിഭവങ്ങൾ വീണ്ടും ഉപയോഗിക്കുക എന്നീ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
Leave a Comment