ദിവ്യയെ അഴിമതി വിരുദ്ധ പോരാളിയാക്കാനുറച്ച് കണ്ണൂർ ഘടകം; പത്തനംതിട്ട ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ജില്ലാസെക്രട്ടറിയുടെ നിലപാട്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിപി ദിവ്യയെ അഴിമതി വിരുദ്ധ പോരാളിയാക്കാനുള്ള കണ്ണൂർ ഘടകത്തിന്റെ നീക്കത്തിൽ വെട്ടിലായി പത്തനംതിട്ട ഘടകം. പാർട്ടി നിലപാടിൽ കണ്ണൂരെന്നോ, പത്തനംതിട്ടയെന്നോ വ്യത്യാസമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കെയാണ് അതിനു വിരുദ്ധമായി കണ്ണൂർ ജില്ലാസെക്രട്ടറി എംവി ജയരാജന്റെ നിലപാട് പുറത്തുവന്നത്.

എഡിഎം കൈക്കൂലിവാങ്ങിയെന്ന് ഒരുകൂട്ടരും കൈക്കൂലിവാങ്ങുന്ന ആളല്ലെന്ന് മറ്റൊരു കൂട്ടരും പറയുന്ന സാഹചര്യത്തിൽ നിജസ്ഥിതിയറിയാൻ സമഗ്രാന്വേഷണം ആവശ്യമാണെന്ന ജയരാജന്റെ പരാമർശത്തോട് പ്രതികരിക്കാൻപോലും പത്തനംതിട്ട ജില്ലാ നേതൃത്വം പ്രയാസപ്പെടുകയാണ്. നവീൻ ബാബു തെറ്റുകാരനാണെന്ന് ഒരുഘട്ടത്തിൽപ്പോലും പത്തനംതിട്ട ഘടകം പറഞ്ഞിട്ടില്ല. മാത്രമല്ല ദിവ്യയ്ക്കെതിരെ നടപടി വേണമെന്ന് നവീൻ മരിച്ച സമയം മുതൽ ആവശ്യവുമുയർത്തിയിരുന്നു.

നവീനിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്ന് തുടക്കത്തിൽത്തന്നെ പത്തനംതിട്ട ജില്ലാ ഘടകം പ്രഖ്യാപിച്ചതോടെ അതിൽനിന്ന് വേറിട്ടൊരു അഭിപ്രായം പറയാൻ സംസ്ഥാന നേതൃത്വത്തിനും പറ്റാതായി. എന്നാൽ കണ്ണൂർ ഘടകം പിപി ദിവ്യയെ അഴിമതിവിരുദ്ധ പോരാളിയാക്കി പ്രസ്താവനയിറക്കിയതോടെയാണ് പാർട്ട് രണ്ടുതട്ടിലെന്ന ആരോപണമുയർന്നത്. ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്ന് ദിവ്യയെ അനുകൂലിച്ചുള്ള പ്രസ്താവന വന്നതോടെ ആരോപണം ബലപ്പെട്ടു.

ഇതിനു തടയിടാനാണ് സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ നവീൻ ബാബുവിന്റെ വീട്ടിലെത്തിയത്. അന്ന് പാർട്ടിയിൽ രണ്ടുതട്ടില്ലെന്നും താൻ പറയുന്നതാണ് അവസാനവാക്കെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിക്ക് ഒരു നിലപാടേയുള്ളൂവെന്നും അത് നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ഇരയ്‌ക്കൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്നുകാട്ടി പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു ഫേസ്ബുക്ക് പോസ്റ്റുമിട്ടു. അതിനുശേഷം, തുറന്നപ്രതികരണങ്ങൾ ഇല്ലാതെ ശാന്തമായിരിക്കുന്ന അവസരത്തിലാണ് നവീൻ ബാബുവിനെ സംശയനിഴലിൽ നിർത്തി എംവി ജയരാജന്റെ പ്രസ്താവന വന്നത്. ഇതോടെ എന്തു മറുപടി നൽകണമെന്നറിയാതെ നിൽക്കുകയാണ് പത്തനംതിട്ട ഘടകം.

pathram desk 5:
Leave a Comment