ഒടുവിൽ തീരുമാനം, നടന്നത് ​ഗുരുതര അച്ചടക്ക ലംഘനം; പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കും, പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

കണ്ണൂർ: നവീൻ ബാബുവിന്റെ മരണം നടന്ന് 24-ാം ദിവസം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റിഅംഗവുമായിരുന്ന പിപി ദിവ്യയ്ക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും ദിവ്യയെ നീക്കാൻ തീരുമാനം. അതോടൊപ്പം ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്ക് ദിവ്യയെ തരംതാഴ്ത്തി.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ് ദിവ്യയിപ്പോൾ.

നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതിചേർത്തതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ നീക്കിയിരുന്നു. എന്നാൽ പാർട്ടി നടപടിയിലേക്ക് തത്കാലം പോകേണ്ടതില്ല എന്ന നിലപാടിലായിരുന്നു നേതൃത്വം. ഇതിന്റെ പേരിൽ വലിയ സമ്മർദ്ദം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായതോടെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ദിവ്യയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ ജയിലിൽ കഴിയുന്ന ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും.

pathram desk 5:
Related Post
Leave a Comment