ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു, പോയത് ഷാഫിയുടെ കാറിൽ, തെളിവായി അസ്മ ടവറിൽ ചെന്നിറങ്ങുന്ന ദൃശ്യം, നുണ പരിശോധനയ്ക്ക് തയാർ, ഉറങ്ങിയ പൊസിഷനടക്കം വിവരിച്ച് രാഹുൽ

പാലക്കാട്: കള്ളപ്പണം ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളിൽ വിശദീകരണവുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കെപിഎം ഹോട്ടലിൽ നിന്ന് പോയത് ഷാഫിയുടെ കാറിലാണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങൾക്ക് ചില കാര്യങ്ങൾ സംസാരിക്കുണ്ടായിരുന്നു. അതിനാൽ കുറച്ചു ദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. പിന്നീട് പ്രസ് ക്ലബ്ബിന് മുമ്പിൽ വച്ച് സുഹൃത്തിന്റെ ഇന്നോവയിൽ കയറി കോഴിക്കോട്ടേക്ക് പുറപ്പെട്ടു. താൻ പറഞ്ഞത് കള്ളമാണോയെന്നറിയാൻ ഏത് നുണപരിശോധനയ്ക്കും തയ്യാറാണെന്നും രാഹുൽ പറഞ്ഞു. തുടർന്ന് രാഹുൽ അസ്മ ടവറിൽ രാത്രിയിൽ ചെന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങൾക്കു മുൻപിൽ കാണിച്ചു.

ഹോട്ടലിൽ നിന്ന് ഇറങ്ങിയ ശേഷം ഷാഫി പറമ്പിലിന്റെ വണ്ടിയിൽ കയറി. അദ്ദേഹത്തിന്റെ സ്റ്റാഫും വാഹനത്തിൽ ഉണ്ടായിരുന്നു. പ്രസ് ക്ലബ്ബിന്റെ മുമ്പിൽ വച്ച് ഷാഫി പറമ്പിലിന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി സ്വന്തം വാഹനത്തിൽ കയറി. അവിടെ നിന്ന് കെആർ ടവറിനടുത്തെത്തിയ ശേഷം എന്റെ വാഹനത്തിൽ നിന്ന് നീല പെട്ടി, പേഴ്സണൽ ഹാൻഡ് ബാഗ് അടക്കം സുഹൃത്തിന്റെ കാറിൽ കയറ്റിയ ശേഷം എന്റെ വാഹനം സർവീസ് ചെയ്യാൻ കൊടുത്തു. തുടർന്ന് സുഹൃത്തിന്റെ ഇന്നോവയിലാണ് കോഴിക്കോട്ടേക്ക് പോയത്.

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് തങ്ങൾ പോയ ശേഷമാണ് അസ്മ ടവറിലേക്ക് പോയത്. ഫസൽ അബ്ബാസിന്റെ കൈയിലാണ് അന്ന് പെട്ടി ഉണ്ടായിരുന്നത്. അസ്മ ടവറിൽ 312-ാം മുറിയിലാണ് താമസിച്ചത്. ചെന്നു കിടന്നുറങ്ങുന്നു. ഇടത്തോട്ട് ചെരിഞ്ഞു കിടന്നാണ് ഉറങ്ങുന്നത്. അങ്ങനെയാണ് കുറച്ചു നേരം ഉറങ്ങാൻ പറ്റിയത്.

കിടന്നുറങ്ങുന്നതിനിടെ പെട്ടെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഫോൺ വന്നു. പെട്ടെന്ന് റെഡിയായി ഡ്രസ് മാറി. പ്രവീൺ കുമാറിന്റെ കാറിൽ അദ്ദേഹത്തിന്റെ ഡ്രൈവറുടെ കൂടെ ഹോട്ടലിൽ നിന്നിറങ്ങി കാന്തപുരം ഉസ്താദിനെ കാണാൻ പോയി. അവിടെ നിന്ന് പ്രവീൺ കുമാറിന്റെ കാറിൽ തന്നെ വീണ്ടും അസ്മാ ടവറിൽ എത്തിയെന്നും രാഹുൽ പറഞ്ഞു. എന്തെങ്കിലും ഒരു വാചകം മിസ്സായാൽ അടുത്ത സിസിടിവിയാണല്ലോ, അതുകൊണ്ടാണ് വിശദമാക്കുന്നതെന്നും രാഹുൽ പരിഹാസത്തോടെ പറഞ്ഞു. വാഹനം മാറിക്കയറുന്നത് നിയമപരമായി യാതൊരു പ്രശ്നവുമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ ഇല്ലയോയെന്ന് അന്വേഷിക്കാൻ കേരളാ പോലീസിനോട് അഭ്യർഥിക്കുന്നു. സിപിഎം നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. പോലീസ് പോലും സിപിഎം പറയുന്നതിനെ വിലയ്ക്കെടുക്കുന്നില്ല. തന്നോട് ഒരു പോലീസ് ഉദ്യോഗസ്ഥർ പോലും ചോദ്യം ചോദിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

വേണമെങ്കിൽ പെട്ടികളും കാറും അടക്കം താൻ പരിശോധനയ്ക്ക് വിട്ടുതരാമെന്നും നുണ പരിശോധനയ്ക്കടക്കം വിധേയനാകാൻ താൻ തയ്യാറാകണമെന്നും രാഹുൽ പറഞ്ഞു. എന്നാൽ സംഭവദിവസം വന്നതും പോയതുമായ മന്ത്രി എംബി രാജേഷിന്റെ ഫോൺ കോൾ പരിശോധിക്കാൻ തയ്യാറാണോ എന്നും രാഹുൽ വെല്ലുവിളിച്ചു.


.
.

pathram desk 5:
Related Post
Leave a Comment