കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയിൽ പൊതുജനമധ്യത്തിൽ തലയുയർത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികൾക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള കേസിൽ മുൻകൂർ ജാമ്യഹർജി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെ ദിവ്യ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയായിരുന്നു കേരളമാകെ. പൊലീസിൽ കീഴടങ്ങി കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽനിന്നു പുറത്തിറങ്ങുമ്പോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീൻ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങൾക്കു മുന്നിൽ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു.
അടുത്ത തവണ എംഎൽഎ, എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങൾ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാൽ, ഒക്ടോബർ 15നു പുലർച്ചെ എഡിഎം ആത്മഹത്യ ചെയ്തെന്ന വാർത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫിൽ ചുവപ്പുവര വീണു. ചുവപ്പുകോട്ടയിൽ തീപ്പൊരി പ്രസംഗത്തിലൂടെ വളർന്നുവന്ന ദിവ്യയുടെ രാഷ്ട്രീയഭാവി തൽക്കാലമെങ്കിലും ഇരുട്ടിലായി.
കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീൻ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകർത്തെറിഞ്ഞു. ‘ഒരു നിമിഷം മതി നമ്മുടെ ജീവിതത്തിൽ എന്തും സംഭവിക്കാൻ’ എന്ന വാക്കുകൾ ദിവ്യയുടെ രാഷ്ട്രീയജീവിതത്തിലും അറംപറ്റി. പാർട്ടിയും പൊലീസും സംരക്ഷണം നൽകിയെങ്കിലും കോടതി കൈവിട്ടതോടെ ജയിലിലേക്കു വഴി തെളിഞ്ഞു.
രാഷ്ട്രീയത്തിൽ ശരവേഗത്തിലായിരുന്നു ദിവ്യയുടെ വളർച്ച. പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എൻ.സുകന്യ എന്നിവരുടെ പിൻഗാമിയായി വന്ന ദിവ്യ എസ്എഫ്ഐയിലൂടെയാണ് വളർന്നത്. കണ്ണൂർ സർവകലാശാലാ യൂണിയൻ വൈസ് ചെയർമാനായതോടെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടു. മുതിർന്ന നേതാക്കളുടെ തണലിൽ വളർച്ച വേഗമായി. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയർന്നതും വളരെ വേഗം. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളുണ്ട് ഇപ്പോൾ.
36–ാം വയസ്സിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനിൽനിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുൻപുള്ള ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയോടെ വനിതാ ജയിലിൽ ഒട്ടേറെ ചടങ്ങുകളിൽ പങ്കെടുത്തിരുന്ന ദിവ്യ ഇന്നലെ രാത്രി അവിടെയെത്തിയത് റിമാൻഡ് തടവുകാരി എന്ന നിലയിൽ. ചിരിച്ചുകൊണ്ട്, കുറ്റബോധം ഒട്ടുമില്ലാത്ത ശരീരഭാഷയോടെ അവർ ജയിലിന്റെ പടികയറി. ഒക്ടോബർ 14ന് എഡിഎം ജീവനൊടുക്കിയ ക്വാർട്ടേഴ്സിൽനിന്നു വെറും 200 മീറ്റർ അകലെയുള്ള സെൻട്രൽ ജയിൽ വളപ്പിലാണ് ഇന്നലെ രാത്രി കഴിഞ്ഞത്.
Leave a Comment