പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ. പാർട്ടി അവഗണിച്ചെന്ന് സരിൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന് രാവിലെ 11.30ന് സരിൻ മാധ്യമങ്ങളെ കാണും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോൺഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി. സരിൻ, വിടി, ബൽറാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നേതൃത്വം പരിഗണിച്ചിരുന്നത്.
ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മർദമാണ് പത്തനംതിട്ടയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ച് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പെല്ലാം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.
അതേസമയം കോൺഗ്രസിനു പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്ന് ചോദിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു. കെ. കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവച്ച് പത്മജ കുറിച്ചു. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. കെ. കരുണാകരന്റെ മകനു സീറ്റ് കൊടുക്കില്ലെന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരനു സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പാലക്കാട് ശ്രീ രാഹുൽ മങ്കൂട്ടത്തിൽ മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂ ഇലക്ഷനു മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരനു സീറ്റ് നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയേണ്ട.
P Sarin against Rahul Mamkootathil candidateship for Palakkad by-election
congress dr p sarin Palakkad by-election Rahul Mamkootathil
Leave a Comment