കൊച്ചി: ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏതാനും നടീനടന്മാരുടെയും പ്രധാനപ്പെട്ട ആളുകളുടെയും മൊഴികൾ മാത്രമാണ് ഹേമ കമ്മിറ്റി എടുത്തതെന്നും സിനിമയിലെ വലിയ വിഭാഗമായ തൊഴിൽ ചെയ്യുന്ന സ്ത്രീകളെ അവഗണിച്ചെന്നും അവർ ആരോപിച്ചു. ഫെഫ്കയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷ കൂടിയായ ഭാഗ്യലക്ഷ്മി, തങ്ങളുടെ യൂണിയനിൽ നിന്ന് താനുള്‍പ്പെടെ നാലു പേരെ മാത്രമാണ് ഹേമ കമ്മിറ്റി അഭിപ്രായം തേടാനായി വിളിച്ചതെന്നും പറഞ്ഞു.
‘‘അവരോടു ചോദിച്ചത് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോ എന്നു മാത്രമാണ്. എന്നാൽ തൊഴിലാളികളായ ഈ സ്ത്രീകള്‍ നേരിടുന്ന മറ്റ് ഒരുപാട് പ്രശ്നങ്ങൾ കൂടിയുണ്ട്, ശുചിമുറി സൗകര്യം, നല്ല ഭക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ. എന്നാൽ ഇതൊന്നും ഹേമ കമ്മിറ്റി കണ്ടില്ല’’-ഭാഗ്യലക്ഷ്മി ആരോപിച്ചു. തനിക്ക് ഹേമ കമ്മിറ്റിയില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നും അവർ പറഞ്ഞു.
തനിക്കും മറ്റു രണ്ടു ഫെഫ്ക വനിതാ അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ ദിവസം രംഗത്തു വന്ന ഹെയർസ്റ്റൈലിസ്റ്റിനെതിരെ കേസു കൊടുക്കുമെന്നും അവർ പറഞ്ഞു. അഭിപ്രായം ശക്തമായി പറയുന്നതു കൊണ്ടാണ് തന്നെ സ്ത്രീവിരുദ്ധയെന്ന് വിശേഷിപ്പിക്കുന്നതെങ്കിൽ തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മലർന്നു കിടന്നു തുപ്പരുതെന്ന് ഫെഫ്ക യോഗത്തിൽ വച്ച് ഭാഗ്യലക്ഷ്മി അധിക്ഷേപിച്ചു എന്നായിരുന്നു ഒരു ഹെയർസ്റ്റൈലിസ്റ്റ് മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത്.
എന്നാൽ ഓഗസ്റ്റ് 31ന് 92 പേർ പങ്കെടുത്ത ഫെഫ്ക വനിതാ അംഗങ്ങളുടെ യോഗത്തിൽ രണ്ടു പേർ യോഗത്തിന്റെ തുടക്കം മുതൽ അത് കലക്കാനുള്ള ശ്രമമാണ് നടത്തിയത് എന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. ഫെഫ്കയെ തകർക്കും എന്ന മട്ടിലാണ് അവർ പെരുമാറിയത്. പൊതു ഇടത്തിലായാലും ജോലി സ്ഥലത്ത് ആയാലും സ്വയം സുരക്ഷ ഉറപ്പാക്കണം എന്നാണ് ഞാൻ അവരോട് പറഞ്ഞത്. ഇതിനെ വളച്ചൊടിച്ചാണ് ഞാൻ സ്ത്രീവിരുദ്ധയാണെന്ന് അവര്‍ പറഞ്ഞത്. ഇതിനൊപ്പം രണ്ടു പേരുകള്‍ കൂടി പറഞ്ഞു. അവർക്കും കുടുംബമുള്ളവരാണെന്നും അതുകൊണ്ടു തന്നെ ഈ വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Leave a Comment