25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും: അല്ലു അര്‍ജുന്‍

ഹൈദരാബാദ്: ഇന്ത്യയെ ഒട്ടാകെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് അല്ലു അര്‍ജുന്‍.

അതോടൊപ്പംതന്നെ ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. സമൂഹബോധവും സഹജീവിസ്നേഹവുമുള്ള ഓരോ പൗരനും മാതൃകയാക്കേണ്ട പ്രവൃത്തി എന്നാണ് മാധ്യമങ്ങള്‍ അല്ലുവിന്റെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ സിനിമാ താരങ്ങളും പൊതുജനങ്ങളും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദുരിതബാധിതരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2-വിന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് താരം ഇപ്പോള്‍. ഈയിടെയാണ് ഓഗസ്റ്റ്‌ 15-ന് പുറത്തിറങ്ങാന്‍ തീരുമാനിച്ചിരുന്ന പുഷ്പ 2-വിന്റെ റിലീസ് ഈ വര്‍ഷം ഡിസംബര്‍ 6-ലേക്ക് മാറ്റിയത്. പുഷ്പ 2-വിന്റെ ആദ്യഭാഗമായ പുഷ്പ പാന്‍ ഇന്ത്യന്‍ ലെവലില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയതിനുപുറമേ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് ‘പുഷ്പ 2’വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ – ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്.

https://x.com/alluarjun/status/1819978015948034542?t=GC0TP73wiPQYxif9LsrIHw&s=19

‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്ന് അഖിൽ മാരാ‍ർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ പോലീസ് നടപടി

pathram desk 2:
Leave a Comment