ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി പാക്ക് മുൻ താരം സൽമാൻ ബട്ട് രംഗത്ത്. വ്യക്തിബന്ധങ്ങൾ ടീം തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു എന്നത് ഉൾപ്പെടെ, ഷമി ഉയർത്തിയ ആരോപണങ്ങൾ പാക്കിസ്ഥാന്റെ മുൻ താരവും ചീഫ് സിലക്ടറുമായിരുന്ന ഇൻസമാം ഉൾ ഹഖിനെ ലക്ഷ്യമിട്ടാണെന്ന് സൽമാൻ ബട്ട് അഭിപ്രായപ്പെട്ടു. ഇൻസമാമിന്റെ കാലത്ത് ബന്ധുവായ ഇമാം ഉൾ ഹഖിന് ടീമിൽ അവസരം നൽകിയതുമായി ബന്ധപ്പെട്ടാകാം ഷമിയുടെ പരോക്ഷ പരാമർശമെന്നും സൽമാൻ ബട്ട് നിരീക്ഷിച്ചു. ഇന്ത്യൻ ബോളർമാർ ട്വന്റി20 ലോകകപ്പിനിടെ പന്തിൽ കൃത്രിമം കാട്ടിയെന്ന ഇൻസമാമിന്റെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ്, ഇന്ത്യയെ വിമർശിക്കുന്നതിനു പകരം പാക്കിസ്ഥാൻ ടീം അധികൃതർ അവരുടെ ടീം സിലക്ഷനിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ഷമി പരിഹസിച്ചത്.
‘‘എന്തുകൊണ്ടാണ് മറ്റുള്ളവരെ വിമർശിക്കുന്നതിന് ആളുകൾ ഇത്രയേറെ പ്രാധാന്യം നൽകുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. നിങ്ങളുടെ ടീം തിരഞ്ഞെടുപ്പ് കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കൂ. കഴിവുള്ള ആളുകൾ അവിടെയുണ്ട്. അവരെ ഉൾപ്പെടുത്തി നല്ല ടീം രൂപപ്പെടുത്തിയാൽ മികച്ച പ്രകടനം ഉറപ്പാക്കാം. വ്യക്തിപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പെങ്കിൽ, അതിനെ ഒരു കുടുംബ ടീമാക്കി മാറ്റൂ’ – യുട്യൂബർ ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിൽ ഷമി പറഞ്ഞു.
ഷമി ഇൻസമാമിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും, ലക്ഷ്യമിട്ടത് അദ്ദേഹത്തെത്തന്നെയാണെന്ന് യുട്യൂബ് വിഡിയോയിൽ സൽമാൻ ബട്ട് ആരോപിച്ചു. ‘‘വ്യക്തിബന്ധത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ പാക്കിസ്ഥാൻ ടീം തിരഞ്ഞെടുപ്പ് നടത്തരുതെന്ന മുഹമ്മദ് ഷമിയുടെ പ്രസ്താവന ഇൻസമാം ഉൾ ഹഖിനെ ഉദ്ദേശിച്ചുള്ളതാണ്. വ്യക്തിബന്ധങ്ങളാണ് ടീം തിരഞ്ഞെടുപ്പിന് ആധാരമെന്ന ഷമിയുടെ പ്രസ്താവനയുടെ ഉന്നം ഇൻസമാമാണെന്നു വ്യക്തം. ആ ആരോപണം തീർത്തും തെറ്റാണ്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ഇമാം ദേശീയ ടീമിലെത്തിയത്. പ്രകടനം മോശമായപ്പോഴെല്ലാം അദ്ദേഹത്തെ ഒഴിവാക്കിയിട്ടുമുണ്ട്. ഷമിയുടെ പ്രസ്താവന തീർത്തും മോശമായിപ്പോയി. അത് ഒഴിവാക്കേണ്ടതായിരുന്നു’ – സൽമാൻ ബട്ട് പറഞ്ഞു.
‘‘ലോകകപ്പിനിടെ ഒരു വിവാദം ഉടലെടുത്തിരുന്നു എന്നത് വാസ്തവമാണ്. അതും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഒട്ടേറെ ആളുകൾ പ്രസ്താവനകൾ നടത്താറുണ്ട്. ഇൻസമാമും എന്തോ പറഞ്ഞു. ഇക്കാര്യത്തിൽ രോഹിത് ശർമ വിശദീകരണം നൽകിയതോടെ അത് തീർന്നതാണ്. എന്തിന്റെ പേരിലാണെങ്കിലും ടീമിലേക്ക് ഒരാളെ തിരഞ്ഞെടുത്തത് ബന്ധുവായതിന്റെ പേരിലാണെന്നൊക്കെ പറയുന്നത് ഒട്ടും ആശാസ്യമല്ല. മുഹമ്മദ് ഷമിയേപ്പോലെ ഒരാൾക്ക അത് ഒട്ടും ചേരുന്നില്ല. അദ്ദേഹം നല്ലൊരു ബോളറാണ്, ഇൻസമാം നല്ലൊരു ക്യാപ്റ്റനായിരുന്നതുപോലെ തന്നെ’ – ബട്ട് പറഞ്ഞു.
Leave a Comment