സർക്കാർ പിന്തുണയ്ക്കുന്നില്ല, ഞാൻ മുന്നോട്ടുവന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി, ഒരു മീഡിയ പോലും സപ്പോർട്ട് ചെയ്യുന്നില്ല: നടന്മാർക്കെതിരായ കേസ് പിൻവലിക്കുന്നെന്ന് ആലുവ സ്വദേശിനി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച ലൈം​ഗികാതിക്രമ കേസിൽ നിന്നും പിന്മാറുന്നതായി വെളിപ്പെടുത്തലുകൾ നടത്തിയ ആലുവ സ്വദേശിയായ നടി. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിന്റെ നിർദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം കേസുകളുമെടുത്തു. കേസുകൾ നേരിടുന്ന എല്ലാവരും തന്നെ നിലവിൽ ജാമ്യത്തിലാണ്. അതിനിടെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്. തന്റെ പോരാട്ടത്തിന് സർക്കാരോ, മീഡിയയോ പിന്തുണ നൽകുന്നില്ല എന്നതാണ് കാരണമായി പറയുന്നത്.

‘‘ഇവർക്കെതിരെ പരാതിയുമായി ഞാൻ മുന്നോട്ടുവന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ്. എന്റെ ലക്ഷ്യം ഇനിയും പെൺകുട്ടികളോട് ആരും ഒരു അഡ്ജസ്റ്റ്മെന്റ് ചോദിക്കരുതന്നതാണ്. മാത്രമല്ല എനിക്കെതിരെയുള്ള കള്ള പോക്സോ കേസ് തെളിയിക്കാൻ സർക്കാരിനു കഴിഞ്ഞില്ലതാനും. ഈ പരാതികളെല്ലാം ഉന്നയിച്ചിട്ടും ഒരു മീഡിയ പോലും മുൻപോട്ടു വന്ന് എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് എല്ലാ കേസുകളും ഞാൻ പിൻവലിക്കാൻ പോവുകയാണ്. കാരണം പോക്സോ കേസ് കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും ആ സ്ത്രീക്കെതിരെ അഥവാ അവളുടെ പുറകിൽ അവളെ ചെയ്യിപ്പിച്ചവരെ പിടിക്കാനും ശ്രമിക്കുന്നില്ല. മീഡിയയ്ക്ക് പോലും അനക്കമില്ല. അതുകൊണ്ട് ഞാൻ എല്ലാത്തിൽനിന്നും സ്വയം പിന്മാറുന്നു’’, എന്നതാണ് നടി വാട്സാപ്പിൽ പങ്കുവച്ച സന്ദേശം. തുടർന്ന് മാധ്യമങ്ങളോടും അവർ ഇക്കാര്യം സ്ഥിരീകരിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച നടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിന്റെ അരികിൽ വരെ എത്തിയിരുന്നു. പ്രതിപക്ഷമടക്കം രാജിക്കായി മുറവിളി കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ കുറ്റം തെളിഞ്ഞാൽ മാത്രം രാജിവച്ചാൽ മതിയെന്ന തീരുമാനത്തിലായിരുന്നു പാർട്ടി.

പരാതി ലഭിച്ചവർക്കെതിരെ അന്വേഷണ സംഘം കേസുകളെടുത്തതോടെ എല്ലാവരും തന്നെ ഹൈക്കോടതിയേയും കീഴ്‌ക്കോടതിയേയും സമീപിച്ച് ജാമ്യമെടുക്കുകയായിരുന്നു. അതിനിടെയാണ് നടിക്കെതിരെ ബന്ധു കൂടിയായ യുവതി ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തു വന്നത്. പ്രായപൂർത്തിയാകാത്ത തന്നെ ചെന്നൈയിലെത്തിച്ച് കാഴ്ചവയ്ക്കാൻ ശ്രമിച്ചു എന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. ഈ പരാതിയിൽ നടിക്കെതിരെ പോക്സോ അടക്കം ചുമത്തുകയും ചെയ്തു. മാത്രമല്ല പരാതി ഉന്നയിച്ച ബന്ധുവായ യുവതിയുടെ പേരു വിവരങ്ങളും ചിത്രങ്ങളുമടക്കം നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെതിരെയും കേസുണ്ട്.

പരാതികൾ പിൻവലിക്കുന്നതായി അന്വേഷണ സംഘത്തെ രേഖാമൂലം അറിയിക്കുമെന്ന് നടി വ്യക്തമാക്കി. അതേ സമയം, നടി പിന്മാറിയാലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ള സാഹചര്യത്തിൽ അന്വേഷണം നടത്തി തീർപ്പാക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

pathram desk 5:
Related Post
Leave a Comment