കൊച്ചി: ടെലിവിഷന്‍ ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) യിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റേറ്റിങ്ങില്‍ ഏഷ്യാനെറ്റിന് വെല്ലുവിളി ഉയർത്തി ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് എത്തിയിട്ടുണ്ട്. ഇരു ചാനലുകളും തമ്മിലുള്ള ടിആര്‍പി വ്യത്യാസം കേവലം 9 പോയിന്റുകള്‍ മാത്രമാണ്. ടിആര്‍പിയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 119 പോയിന്റുകളും 24 ന്യൂസിന് 110 പോയിന്റുകളുമാണ് ഉള്ളത്.
നേരത്തെ ശബരിമല യുവതി പ്രവേശന വിധി വന്നതിന് പിന്നാലെ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് സംഘപരിവാര്‍ ചാനലായ ജനം ടിവി എത്തിയിരുന്നു. എന്നാല്‍, ടിആര്‍പിയിലെ ഈ മുന്നേറ്റം ചാനലിന് നിലനിര്‍ത്താന്‍ ആയിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചാനല്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് ടിആര്‍പിയില്‍. മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. ടിആര്‍പിയില്‍ 64 പോയിന്റുകളാണ് മനോരമ നേടിയത്. നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് ടിആര്‍പിയില്‍ വലിയ വെല്ലുവിളിയാണ് റിപ്പോര്‍ട്ടര്‍ ഉയര്‍ത്തുന്നത്.
സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്കും ടിആര്‍പിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 33 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് 21 പോയിന്റുമായ ഏഴാം സ്ഥാനത്തും 17 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആര്‍പി റേറ്റിങ്ങിലുള്ളത്.
ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍. റേറ്റിംഗ് പോയിന്റില്‍ രണ്ടക്കം പോലും തികയ്ക്കാനാവാതെ ഒമ്പത് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മീഡിയ വണ്‍.
മലയാളത്തില്‍ കഴിഞ്ഞ വർഷം ആരംഭിച്ച രാജ് ടിവി ന്യൂസ് മലയാളം അടച്ചുപൂട്ടിയതിനാല്‍ അവരെ ബാര്‍ക്ക് റേറ്റിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതുതായി മലയാളത്തില്‍ ആരംഭിച്ച ന്യൂസ് മലയാളം 24/7 ചാനലിനും ടിആര്‍പി റേറ്റിങ്ങില്‍ എത്താനായിട്ടില്ല.
Leave a Comment