സർക്കാർ വേട്ടക്കാർക്കൊപ്പം; രൂക്ഷ വിമർശനവുമായി കെ.കെ. രമ; നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല

തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായിനടന്ന അതിക്രമങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എല്‍.എ. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സര്‍ക്കാരിനുവേണ്ടി മന്ത്രി വീണാ ജോര്‍ജായിരുന്നു സഭയില്‍ മറുപടി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയും രമ വിമര്‍ശനം ഉന്നയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യമെന്ന് രമ പറഞ്ഞു. നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നിട്ടും രമ ഉപക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല.

അരൂരിലെ ദളിത് പെണ്‍കുട്ടിക്കുനേരെ നടന്ന അതിക്രമത്തില്‍ പ്രതികള്‍ സി.പി.എമ്മുകാരായതിനാലാണ് അറസ്റ്റുചെയ്യാത്തത്. പ്രതികള്‍ പാര്‍ട്ടിക്കാരാണെങ്കില്‍ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. കുസാറ്റിലെ സിന്‍ഡിക്കേറ്റ് അംഗം പി.ജെ. ബേബി കലോത്സവ ഗ്രീന്‍ റൂമില്‍വെച്ച് പെണ്‍കുട്ടിക്കുനേരെ അതിക്രമം കാണിച്ചു. പെണ്‍കുട്ടി പാര്‍ട്ടിക്ക് പരാതി നല്‍കി. നടപടി ഇല്ലാത്തതിനാല്‍ പോലീസിന്‌ പരാതി നല്‍കി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ കേരളത്തെ നാണിപ്പിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

കാലടി ശ്രീശങ്കര കോളേജിലെ മുന്‍ എസ്.എഫ്.ഐ. നേതാവ് രോഹിത്ത് പെണ്‍കുട്ടിയുടെ ഫോട്ടോ അശ്ലീല ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. പ്രതിയെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു. ബ്രിജ് ഭൂഷണ്‍ ഗുസ്തിതാരങ്ങള്‍ക്കുനേരെ നടത്തിയ അതിക്രമങ്ങളെ വെല്ലുന്ന കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നു. കെ.സി.എ. കോച്ചിനെതിരായ പോക്‌സോ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. അന്ന് അയാള്‍ക്കെതിരെ നടപടി എടുത്തില്ല. ഇന്നും ക്രിക്കറ്റ് അസോസിയേഷനില്‍ തുടരുന്നു. ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയിലും ഭരണനേതൃത്വത്തിലുമുള്ള സ്വാധീനമാണ് ഇത് കാണിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന നമ്പര്‍ വണ്‍ കേരളത്തിലാണ് ഇത് നടക്കുന്നതെന്നും രമ കുറ്റപ്പെടുത്തി.

‘ഒരു കാലത്ത് എസ്.എഫ്.ഐ. ആയിരുന്ന ആളാണ് ഞാന്‍. എസ്.എഫ്.ഐ. എന്ന നിലയില്‍ അഭിമാനംകൊണ്ട ആളാണ്, ഇന്നും അത് പറയും. പക്ഷേ, ഇന്ന് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടിക്ക് നാളെ താന്‍ എസ്.എഫ്.ഐക്കാരിയായിരുന്നെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാഹചര്യമുണ്ടോ?’, രമ ചോദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ സുരക്ഷിത കസ്റ്റഡിയില്‍ ഇരിക്കുന്ന മെമ്മറി കാര്‍ഡ് പുറത്തുപോകുന്ന നാടായി കേരളം മാറി. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നാലുവര്‍ഷമായി പുറത്തുവിട്ടിട്ടില്ല. ഐ.സി.യുവില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പംനിന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വണ്ടിപ്പെരിയാറിലും വാളയാറിലും ഇരകള്‍ക്ക് നീതികിട്ടിയില്ലെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment