ഏഴ് എയർപോർട്ടുകൾ അദാനിക്ക് കൊടുത്തതിന് എത്ര ടെമ്പോയിൽ പണം വാങ്ങിയെന്ന് മോദി പറയണം: രാഹുലിൻ്റെ വീഡിയോ

കോൺഗ്രസിന് അംബാനിയും അദാനിയും ടെ​മ്പോ വാഹനത്തിൽ കള്ളപ്പണം നൽകിയെന്നും അതിനാലാണ് ഇപ്പോൾ രാഹുൽ ​ഗാന്ധി അവർക്കെതിരെ സംസാരിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് അതേനാണയത്തിൽ തിരിച്ചടിക്കുന്ന രാഹുലിന്റെ വീഡിയോ വൈറലാകുകയാണ്.

50 വർഷത്തേക്ക് ഏഴ് എയർപോർട്ടുകളാണ് ബിജെപി സർ‌ക്കാ‌‌ർ അദാനി ​ഗ്രൂപ്പിന് പാട്ടത്തിന് നൽകിയിരിക്കുന്നത്. ഇതിന് പകരമായി മോദിക്ക് എത്ര ടെമ്പോ വാനിലാണ് കൈക്കൂലി ലഭിച്ചത് എന്ന ചോദ്യമാണ് രാഹുൽ​ഗാന്ധിയുടെ വീഡിയോയിൽ ഉള്ളത്. പ്രധാനമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ വീഡിയോ അദാനി ​ഗ്രൂപ്പിന്റെ കൈവശമുള്ള ലഖ്നൗ എയർപോ‌ർട്ടിൽ വച്ചാണ് എടുത്തിരിക്കുന്നത് എന്നതാണ് രസകരമായ സംഭവം.

ഈ വിമാനത്താവളങ്ങൾ ഗൗതം അദാനിക്ക് പാട്ടത്തിന് നൽകാൻ പ്രധാനമന്ത്രി എത്ര ‘ടെമ്പോ’ അഴിമതി പണമാണ് വാങ്ങിയത്?
2020നും 21നും ഇടയിൽ രാജ്യത്തിന്റെ പൊതുസ്വത്തായിരുന്ന ഏഴ് എയർപോർട്ടുകളാണ് 50 വർഷത്തെ പാട്ടത്തിന് അദാനി ​ഗ്രൂപ്പിന് നൽകിയത്. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പുർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ നിലവിൽ അദാനി ​ഗ്രൂപ്പിന്റെ കൈവശമാണ്. ഈ വിമാനത്താവളങ്ങൾ മോദി തന്റെ ടെമ്പോ സുഹൃത്തിന് നൽകുകയായിരുന്നു എന്നും രാഹുൽ വീഡിയോയിൽ ആരോപിക്കുന്നുണ്ട്.

അദാനിയുടെയും അംബാനിയുടെയും കൈവശം കള്ളപ്പണമുണ്ടെന്നാണല്ലോ മോദി പറയുന്നത്. എന്തുകൊണ്ടാണ് ഈ സംഭവത്തിൽ അന്വേഷണം നടത്താത്തത്? സി.ബി.ഐയെയും ഇ.ഡിയെയും എന്നാണ് അയക്കുകയെന്നും രാഹുൽ വീഡിയോയിൽ ചോദിക്കുന്നു. എത്ര ടെമ്പോകൾക്കാണ് രാജ്യത്തിൻ്റെ സ്വത്തുക്കൾ വിറ്റതെന്ന് നരേന്ദ്ര മോദി പൊതുജനങ്ങളോട് പറയുമോ എന്നും രാഹുൽ ചോദിക്കുന്നുണ്ട്.

ലഖ്നൗ എയർപോർട്ടിൽ പ്രദർശിപ്പിച്ച അദാനി ഡിഫൻസ് ആൻഡ് എയറോസ്​പേസിന്റെ പരസ്യത്തെയും വീഡിയോയിൽ രാഹുൽ വിമർശിക്കുന്നുണ്ട്. കൂടാതെ ആകാശ എയർലൈൻസിന്റെ വിവരങ്ങളും അന്വേഷിക്കണമെന്ന് രാഹുൽ ആവശ്യപ്പെടുന്നു.

pathram:
Related Post
Leave a Comment