ഔദ്യോഗിക വാഹനം ഒഴിവാക്കി വയനാട്ടിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കനത്തവില നൽകേണ്ടിവരും,​ നേരിടാൻ തയ്യാറെന്ന് സി.പി.എം

മീനങ്ങാടി: മാസങ്ങൾക്കു ശേഷം വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി. മീനങ്ങാടിയിൽവച്ചാണ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. വന്യമൃഗ ശല്യം രൂക്ഷമായ വയനാട് മുഖ്യമന്ത്രി ഇതുവരെ സന്ദർശിക്കാത്തതിലും, സർക്കാർ വേണ്ട കാര്യങ്ങൾ ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്.

മനഃസാക്ഷിക്ക് നിരക്കാത്തത്
വയനാട്ടിലെത്തിയ മുഖ്യമന്ത്രി വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കാത്തത് മനഃസാക്ഷിക്ക് നിരക്കാത്തതാണെന്ന് പ്രവർത്തകർ ആരോപിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ ചന്ദനക്കാവ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റിൻ ജോഷ്വ, യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിബിൻ നൈനാൻ, ഡികെടിഎഫ് ജില്ല ജനറൽ സെക്രട്ടറി സുനിൽ പി.ജി. തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഔദ്യോഗിക വാഹനം ഒഴിവാക്കി
സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കോൺഗ്രസ്‌ നടപടി ജനാധിപത്യവിരുദ്ധമാണെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറിയറ്റ്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഔദ്യോഗിക വാഹനം ഒഴിവാക്കി പാർട്ടി ജില്ലാ കമ്മിറ്റിയുടെ വാഹനത്തിലാണ്‌ പാർട്ടി പോളിറ്റ്‌ ബ്യൂറോ മെമ്പറായ പിണറായി വിജയൻ സഞ്ചരിച്ചത്‌. ഈ വാഹനത്തിന്‌ നേരെയാണ്‌ മീനങ്ങാടിയിൽ കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്‌. മുഖ്യമന്ത്രിക്ക്‌ ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല.

രാഷ്‌ട്രീയ മര്യാദ ലംഘിക്കുന്ന നടപടി
ബത്തേരിയിലും പനമരത്തും സിപിഎം ഏരിയാ കമ്മിറ്റി ഓഫീസുകൾ ഉദ്‌ഘാടനം ചെയ്യാനും എൽഡിഎഫ്‌ പൊതുയോഗങ്ങളിൽ സംസാരിക്കാനുമാണ്‌ എത്തിയത്‌. പാർട്ടി പരിപാടിക്കെത്തുന്ന നേതാക്കൾക്കുനേരെ, രാഷ്‌ട്രീയ മര്യാദ ലംഘിക്കുന്ന ഇത്തരം നടപടി കോൺഗ്രസിന്റെ ഭാഗത്ത്‌ നിന്നുണ്ടായാൽ കനത്തവില നൽകേണ്ടിവരും. തെറ്റായ പ്രവണത തുടരാനാണ്‌ കോൺഗ്രസ്‌ തീരുമാനമെങ്കിൽ അതിനെ നേരിടാൻ സിപിഎം തയ്യാറാകും. ജനാധിപത്യ വിരുദ്ധ സമീപനങ്ങൾക്കെതിരെ പ്രതിഷേധം ഉയരുമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


.
.

.
.


.
.

pathram:
Related Post
Leave a Comment