കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റുമോ..?​ വെള്ളിയാഴ്ച വോട്ടെടുപ്പ്: എതിർപ്പുമായി മുസ്ലീം ലീഗ്; തീയതി മാറ്റണമെന്ന്​ ഇലക്ഷൻ കമ്മീഷന് കത്തയച്ച് സമസ്ത

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) വോട്ടെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി മുസ്‍ലിം ലീഗ്. ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ചൂണ്ടിക്കാട്ടി.

പുനർവിചിന്തനം നടത്താണം
വെള്ളിയാഴ്ച ഇസ്‌ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ. സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമസ്തയും രംഗത്ത്
അതേസമയം കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനെതിരെ മുസ്‌ലിം ലീഗിനു പിന്നാലെ സമസ്തയും രംഗത്ത് എത്തി. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം
വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ്‌ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സംഘം ചേര്‍ന്ന് നിര്‍വ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്‌കാരം. വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല പോളിങ്ങിനെയും ഇത് സാരമായി ബാധിക്കും.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇ മെയില്‍ സന്ദേശവും അയച്ചു. ഏപ്രില്‍ 26ന് നടത്താന്‍ നിശ്ചയിച്ച വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റും ആവശ്യപ്പെട്ടു.


.
.

.
.


.
.

pathram:
Leave a Comment