ബസിന്റെ സ്റ്റെപ്പ് കയറേണ്ട,​ പകരം ലിഫ്റ്റ്;​ മുഖ്യമന്ത്രിക്കായി കറങ്ങുന്ന കസേര

കൊച്ചി: നവകേരള സദസ്സിന് ഉപയോഗിക്കാൻ കേരളത്തിലെത്തിച്ച ആഡംബര ബസിന്റെ കൂടുതൽ സവിശേഷതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. കേരളത്തിൽ ആദ്യമായി കാണുന്ന പല സംവിധാനങ്ങളുമാണ് ബസ്സിലുള്ളത്.

ബസിലേക്ക് കയറാൻ സ്റ്റെപ്പ് ഉപയോഗിക്കുന്നതിന് പകരം ലിഫ്റ്റ് സൗകര്യമുണ്ട്. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും.

മുഖ്യമന്ത്രിക്ക് ഇരിക്കാൻ കറങ്ങുന്ന കസേര. ഇത് എത്തിച്ചത് ചൈനയിൽനിന്ന്. ബസിന്റെ നമ്പർ കെഎൽ 15 എ 2689. ബസ് കഴിഞ്ഞ ഏഴിന് കേരളത്തിലെത്തിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കി പൊലീസ് സുരക്ഷാ പരിശോധനയും നടത്തി. ആദ്യം ചിത്രങ്ങൾ ഉൾപ്പെടെ സ്റ്റിക്കർ പതിക്കാമെന്നു കരുതിയെങ്കിലും പിന്നീടു തീരുമാനം മാറ്റി. ഇവിടെ റജിസ്ട്രേഷൻ പൂർത്തിയാക്കി ബെംഗളൂരുവിൽ തിരികെയെത്തിച്ച് ചോക്‌ലേറ്റ് ബ്രൗൺ നിറം നൽകി കേരള സർക്കാരിന്റെ ചിഹ്നം മാത്രം പതിപ്പിക്കുകയായിരുന്നു.

നവകേരള സദസ്സിന് തീരുമാനമെടുത്ത ശേഷം ഒരുക്കം ആലോചിക്കാൻ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു യാത്ര ബസിലാക്കുന്നതിനെപ്പറ്റി ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി സമ്മതിച്ചതോടെ 3 മാസം മുൻപുതന്നെ ബസിന് ഓർഡർ നൽകി. മുഖ്യമന്ത്രിക്ക് ആദ്യം കാബിൻ ആലോചിച്ചെങ്കിലും പിന്നീട് 180 ഡിഗ്രി കറങ്ങുന്ന കസേരയിലേക്കെത്തി. നിർമാതാക്കൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് കസേരയെത്തിയത്. ഇതാണ് ഒക്ടോബർ ആദ്യയാഴ്ച കേരളത്തിനു കൈമാറുമെന്നു കരുതിയ ബസ് വൈകിയത്.

https://youtu.be/wY-fdFK_X0E

https://youtu.be/GimRTXOTJCY

പുലർച്ചെ കാസർക്കോട് എത്തിച്ച ബസ് പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ആ‍ഡംബര ബസിനു ഇളവുകൾ അനുവദിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ബസിനായി പ്രത്യേക ഇളവുകൾ വരുത്തി കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്കായുള്ള നിയമത്തിൽ ഭേ​ദ​ഗതി വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ബസിന്റെ മുനിരയിലെ സീറ്റിനു 180 ഡി​ഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഈ ബസിനു മാത്രമായി കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവുണ്ട്. ബസ് നിർത്തുമ്പോൾ പുറത്തു നിന്നു വൈദ്യുതി ജനറേറ്റർ വഴിയോ ഇൻവർട്ടർ വഴിയോ വൈദ്യുതി നൽകാനും അനുമതിയുണ്ട്.

കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങൾക്ക് വെള്ള നിറം വേണമെന്നാണ് നിയമം. നവകേരള ബസിന്റെ നിറം ചോക്ലേറ്റ് ബ്രൗൺ നിറമാണ്. വിവിഐപികൾക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവ് എന്നാണ് ഉത്തരവിൽ പറയുന്നത്. ഇളവുകൾ ഈ ബസിനു മാത്രമായിരിക്കും നിലവിൽ ബാധകമായിരിക്കുക. കെഎസ്ആർടിസി എംഡിയുടെ ശുപാർശയിലാണ് സർക്കാർ വിജ്ഞാപനം.

ബസിൽ മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസിലുള്ളത്. ബസ് വാങ്ങാൻ കഴിഞ്ഞ ദിവസം ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. യാത്രക്ക് ശേഷം ബസ് കെഎസ്ആർടിസിക്ക് കൈമാറാനാണ് നീക്കം. ഡബിൾ ഡക്കർ ബസ് വാടകക്ക് നൽകി കാശുണ്ടാക്കും പോലെ നവകേരള സദസ് ബസും വരുമാന മാർ​ഗമാകുമെന്നാണ് വിശദീകരണം.

https://youtu.be/CXSTpKyXd80

Similar Articles

Comments

Advertismentspot_img

Most Popular