2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ നിര്‍ണായകമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിച്ച് ആര്‍എന്‍എ ബയോളജിയില്‍ സംഭാവനകള്‍ നല്‍കിയതിനാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രഖ്യാപിച്ച 11 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ സമ്മാനം കാറ്റലിന്‍ കാരിക്കോയും ഡ്രൂ വെയ്സ്മാനും പങ്കിട്ടു.
ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർഎൻഎ അഥവാ എംആർഎൻഎ (mRNA) അടിസ്ഥാനമാക്കിയുള്ള ഒരേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അത്തരം വാക്സിനുകൾ മെസഞ്ചർ ആർഎൻഎ തന്മാത്രകളെ ഉപയോഗപ്പെടുത്തുന്നവയാണ്. ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് പറയുന്ന ആർഎൻഎകളാണ് എംആർഎൻഎകൾ.
എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ഒരു കൊറോണ വൈറസ് വാക്സിൻ ഒരിക്കൽ ശരീരത്തിൽ കുത്തിവച്ചാൽ, സ്പൈക്ക് പ്രോട്ടീന്റെ പകർപ്പുകൾ സൃഷ്ടിക്കാൻ ശരീരത്തിലെ കോശങ്ങളെ നിർദ്ദേശിക്കും. ഇത് രോഗപ്രതിരോധ കോശങ്ങളെ ആന്റിബോഡികൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ആന്റിബോഡികൾ രക്തത്തിൽ നിലനിൽക്കുകയും യഥാർത്ഥ വൈറസ് മനുഷ്യശരീരത്തെ ബാധിക്കുമ്പോൾ പോരാടുകയും ചെയ്യും.
മറ്റ് തരത്തിലുള്ള വാക്സിനുകളിൽ നോൺ-റെപ്ലിക്കേറ്റിംഗ് വൈറൽ വെക്റ്റർ വിഭാഗത്തിൽ ഉള്ളവ അടക്കം ഉൾപ്പെടുന്നു, ഇതിന് ഉദാഹരണമാണ് ഓക്സ്ഫോർഡും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്സിൻ.