ലോകകപ്പ് കാര്യവട്ടത്ത് പരിശീലനം മാത്രം; 10 വേദികൾ; മത്സരം ഒക്ടോബർ 5 മുതൽ, ഫൈനല്‍ നവംബര്‍ 19ന്

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലേറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് മത്സരം.

ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങള്‍ നടക്കില്ല. 10 പ്രധാന വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടില്ല. തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങള്‍ നടക്കും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങള്‍ നടക്കുന്നത്.

ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനും നവംബര്‍ 19 ന് നടക്കുന്ന ഫൈനലിനും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ആകെ 10 വേദികളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ലഖ്‌നൗ, പുണെ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അതില്‍ ഹൈദരാബാദ് പരിശീലന മത്സരങ്ങള്‍ക്കും വേദിയാകും.

ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. അതില്‍ എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒന്‍പത് ടീമുകളുമായി റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15 ന് നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടങ്ങള്‍ നവംബര്‍ 12 ന് അവസാനിക്കും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലും നടക്കും. അവസാനമായി 2011-ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം നേടിയത്.

pathram:
Related Post
Leave a Comment