മുംബൈ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മുംബൈയിൽ ശസ്ത്രക്രിയ നടത്തി. താരത്തിന്റെ കാൽമുട്ടിനു നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. വാഹനാപകടത്തിൽ താരത്തിന്റെ നെറ്റിയിലും കൈകള്‍ക്കും കാലുകള്‍ക്കും പരുക്കേറ്റിരുന്നു. താരത്തിന്റെ ലിഗമെന്റിനും പരുക്കേറ്റു.
ലിഗമെന്റിനു നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താരത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നാണു വിവരം. നാലു മണിക്കൂറോളമാണു ശസ്ത്രക്രിയ നീണ്ടത്. പരുക്കിൽനിന്നു താരം പൂർണമായും മുക്തനാകാൻ ഇനിയും മാസങ്ങളെടുക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണ്‍ താരത്തിനു പൂർണമായും നഷ്ടപ്പെട്ടേക്കും. ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പിൽ താരമുണ്ടാകുമോയെന്നും ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
കഴിഞ്ഞ മാസം 30നു അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിലായിരുന്നു അപകടം. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. പന്ത് പുറത്തു കടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായിരുന്നു.