11 വര്‍ഷം മുമ്പ് പങ്കാളിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊല; മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയെയും അറസ്റ്റ് ചെയ്തു ; കേസില്‍ വഴിത്തിരിവായത് ദിവ്യയുടെ സഹോദരിയുടെ വരവ്

തിരുവനന്തപുരം: പങ്കാളിയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൂവാര്‍ മണ്ണാന്‍വിളാകം മാഹീന്‍മന്‍സിലില്‍ മാഹീന്‍കണ്ണിന്റെ(43) ഭാര്യ റുക്കിയ(38)യേയും അറസ്റ്റ് ചെയ്തു. ഇവരെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മാഹീനെതിരേ കൊലപാതകവും റുക്കിയക്കെതിരേ കൊലപാതകപ്രേരണ അടക്കമുള്ള വകുപ്പുകളുമാണ് ചേര്‍ത്തിട്ടുള്ളത്. ഇവരെ അടുത്ത ദിവസം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും. മാഹീന്‍കണ്ണും ദിവ്യയും തമ്മില്‍ തര്‍ക്കമുണ്ടായ ബാലരാമപുരം, കൊലപാതകം നടന്ന ആളില്ലാതുറ എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോകും.

11 വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. ആളില്ലാതുറയില്‍ കൊലപാതകം നടന്ന സമയത്തുണ്ടായിരുന്ന റോഡും പാറയുമെല്ലാം കടലെടുത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകം നടന്ന സമയത്തെ രേഖകള്‍ ശേഖരിക്കാന്‍ കേരള പോലീസ് തമിഴ്‌നാട്ടിലെ വിവിധ ഓഫീസുകളില്‍ തിരച്ചില്‍ തുടരുകയാണ്. കുളച്ചല്‍ തീരദേശ പോലീസ് സ്‌റ്റേഷനില്‍നിന്നു ദിവ്യയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു.

എന്നാല്‍ പുതുക്കാട് അടക്കമുള്ള മറ്റ് സ്‌റ്റേഷനുകളില്‍നിന്നു പഴയ ഫയലുകള്‍ ലഭിച്ചിട്ടില്ല. മകള്‍ ഗൗരിയുടെ മൃതദേഹം ലഭിച്ചതിനെ സംബന്ധിച്ച വിവരങ്ങളാണ് ലഭിക്കാനുള്ളത്. ഏഴുവര്‍ഷം കഴിഞ്ഞ ഫയലുകള്‍ സൂക്ഷിക്കാറില്ലെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. വിവരങ്ങള്‍ തേടി റവന്യൂവിഭാഗം അടക്കമുള്ള മറ്റ് ഓഫീസുകളുമായും കേരള പോലീസ് ബന്ധപ്പെടുന്നുണ്ട്.

കൊലപാതകത്തിന് പ്രേരണ റുക്കിയ

അതേസമയം ഏതുവിധേനയും ദിവ്യയേയും കുഞ്ഞിനേയും ഒഴിവാക്കണമെന്ന് വാശിപിടിച്ചത് മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയയാണ്. കൊലപ്പെടുത്തിയിട്ടായാലും ഇവരെ ഒഴിവാക്കിയശേഷം തന്റെയൊപ്പം താമസിച്ചാല്‍ മതിയെന്നായിരുന്നു റുക്കിയയുടെ നിര്‍ദ്ദേശം. തുടര്‍ന്നാണ് മാഹീന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകപ്രേരണക്കും തെളിവ് നശിപ്പിച്ചതിനും അടക്കം മാഹീന്‍കണ്ണിന്റെ ഭാര്യ റുക്കിയയും അറസ്റ്റിലായി.

ദിവ്യയുടെ അച്ഛനും അമ്മയും വീട്ടിലില്ലെന്നറിഞ്ഞാണ് മാഹീന്‍ ഊരൂട്ടമ്പലത്തെ വീട്ടില്‍ എത്തിയത്. ദിവ്യയുടെ അമ്മ രാധ ഭര്‍ത്താവ് ജോലിചെയ്യുന്ന ചിറയിന്‍കീഴില്‍ പോയി എന്നറിഞ്ഞാണ് ഇയാള്‍ എത്തിയത്. ഇവിടെനിന്നു പുറത്തിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ദിവ്യയുടെ സഹോദരി ശരണ്യ എത്തിയതാണ് കേസില്‍ വഴിത്തിരിവായത്. രാധ തിരിച്ചെത്തി വിളിച്ചപ്പോള്‍ ദിവ്യയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മാഹീനെ വിളിച്ചപ്പോള്‍ തങ്ങള്‍ വേളാങ്കണ്ണിക്ക് പോവുകയാണെന്നും മൂന്നുദിവസം കഴിഞ്ഞേ തിരിച്ചെത്തൂ എന്നുമാണ് പറഞ്ഞത്.

ഊരൂട്ടമ്പലത്തുനിന്നു ബാലരാമപുരത്തെത്തി ഏറെ നേരം ദിവ്യയും മാഹീനും തര്‍ക്കിച്ചു. തുടര്‍ന്ന് പൂവാര്‍ വഴി ആളില്ലാത്തുറയില്‍ എത്തിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ട് മരിച്ചുവെന്നുറപ്പിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് വീട്ടിലെത്തി ഭാര്യ റുക്കിയയോട് പറഞ്ഞെങ്കിലും ഇവര്‍ വിശ്വസിച്ചില്ല. അടുത്ത ദിവസങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത തമിഴ് പത്രങ്ങളില്‍ വന്നത് റുക്കിയയെ കാണിച്ച് ബോധ്യപ്പെടുത്തി. ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ ദിവ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നപ്പോഴും മാഹീന്‍ പോയിരുന്നു. തുടര്‍ന്ന് വീണ്ടും മാഹീന്‍ വിദേശത്തേക്ക് പോവുകയായിരുന്നു.

കാമുകനൊപ്പം ഭര്‍ത്താവിനെ കൊന്ന കേസ്; പ്രതിയായ ഭാര്യ മരിച്ച നിലയിൽ, കാമുകന്‍ ഗുരുതരാവസ്ഥയില്‍

pathram:
Related Post
Leave a Comment