ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍കിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ഗുജറാത്ത് സര്‍ക്കാരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചത്. പ്രതികള്‍ക്ക് ജയിലിന് പുറത്ത് സ്വീകരണവും ലഭിച്ചിരുന്നു. ഈ നടപടികള്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 1992- ലെ റെമിഷന്‍ നയം അനുസരിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പ്രതികളെ വിട്ടയക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും അനുമതി നല്‍കിയിരുന്നു.
https://youtu.be/AacZRRkhXEw
കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജിയും ബില്‍കിസ് ബാനു നല്‍കിയിട്ടുണ്ട്.
അഡ്വ. ശോഭാ ഗുപ്തയാണ് ബുധനാഴ്ച രാവിലെ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിട്ടുള്ള ജസ്റ്റിസ് അജയ് റസ്‌തോഗിക്ക് ഈ വിഷയം കേള്‍ക്കാനാകുമോ എന്ന് ബില്‍കിസ് ബാനുവിന്റ അഭിഭാഷക സംശയം പ്രകടിപ്പിച്ചു. പ്രതികളെ വിട്ടയക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് വിധിച്ച ബെഞ്ചിലെ ജഡ്ജിയാണ് ജസ്റ്റിസ് അജയ് റസ്‌തോഗി.
ആദ്യം പുനഃപരിശോധന ഹര്‍ജി കേള്‍ക്കണം. അത് ജസ്റ്റിസ് റസ്‌തോഗിയുടെ മുന്നില്‍ വരട്ടെയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം തുറന്ന കോടതിയില്‍ കേള്‍ക്കേണ്ടതുണ്ടെന്ന് അഡ്വക്കേറ്റ് ഗുപ്ത വാദിച്ചപ്പോള്‍, ‘അത് കോടതിക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയൂ’ എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകുന്നേരം വിഷയം പരിശോധിച്ച ശേഷം ഹര്‍ജി ലിസ്റ്റ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി.