‘നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ല’; മത്സരത്തിനിടെ മെസ്സിയുടെ തോളില്‍ തട്ടി സൗദി താരം പറഞ്ഞു

ലുസെയ്ന്‍: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി. മത്സരത്തില്‍ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസ്സിയോട് ഇത് പറഞ്ഞത്. മത്സരശേഷം ഇക്കാര്യം അല്‍-ബുലൈഹി സമ്മതിച്ചു. ‘ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങള്‍ വിജയിക്കില്ല!’ മെസിയോട് എന്താണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ദി ഗോള്‍ ഡോട് കോമിനോട് പറഞ്ഞു.

മത്സരത്തില്‍ സൗദി മുന്നില്‍ നില്‍ക്കുമ്പോള്‍ അലി അല്‍ ബുലൈഹി പിന്നില്‍ നിന്ന് മെസ്സിയുടെ തോളില്‍ തട്ടി എന്തോ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബുലൈഹി സംസാരിക്കുമ്പോള്‍ മെസ്സി ചെറുതായി ചിരിക്കുന്നതും കാണാം. തുടര്‍ന്ന് അര്‍ജന്റീനിയന്‍ ടീമംഗങ്ങള്‍ അദ്ദേഹത്തിന് അടുത്തെത്തുന്നതും ദൃശ്യത്തിലുണ്ട്. മത്സരം അവസാനിക്കാന്‍ 35 മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് സംഭവം. മത്സരശേഷമാണ് എന്താണ് പറഞ്ഞതെന്നകാര്യം ബുലൈഹി വ്യക്തമാക്കിയത്.

ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോകറാങ്കിങ്ങില്‍ 51-ാം സ്ഥാനത്തുള്ള സൗദി അറേബ്യയാണ് റാങ്കിങ്ങില്‍ മൂന്നാമതുള്ള മെസ്സിപ്പടയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചത്. സൗദിക്കെതിരേ മെസ്സിയുടെ പെനാല്‍റ്റിഗോളില്‍ ഇടവേളവരെ അര്‍ജന്റീനയായിരുന്നു മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേടിയ ഇരട്ടഗോളുകള്‍ക്ക് സൗദി അട്ടിമറി ഉറപ്പിച്ചു. സാലേഹ് അല്‍ ഷെഹ്രിയും സാലേം അല്‍ദൗസരിയും സൗദിക്കുവേണ്ടി സ്‌കോര്‍ ചെയ്തു.

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഉൾപ്പെടെ ആദ്യ രണ്ടു മത്സരങ്ങളിലും ഏഷ്യൻ ടീമുകൾ നാണംകെട്ട തോൽവി വഴങ്ങിയതോടെ, ഏഷ്യൻ മണ്ണിലെ ലോകകപ്പിൽ ഏഷ്യൻ ടീമുകൾക്ക് രക്ഷയില്ലെന്ന് കരുതിയിരിക്കെയാണ് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സാക്ഷാൽ ലയണൽ മെസ്സിയുടെ ടീമിനെ സൗദി അറേബ്യ അട്ടിമറിച്ചിരിക്കുന്നത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവർ സൗദിക്കായി ഗോൾ നേടിയപ്പോൾ, അർജന്റീനയുടെ ആശ്വാസ ഗോൾ ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നു നേടി.

സത്യത്തിൽ ഈ തോൽവി അർജന്റീന അർഹിച്ചിരുന്നതാണോ? ഉത്തരങ്ങൾ എന്തായാലും, ആദ്യ പകുതിയിൽ അർജന്റീനയുടെയും സൗദിയുടെയും പ്രകടനം കണ്ടവർ ഇക്കാര്യം സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല. സൗദി ഒരുക്കിയ ഓഫ്സൈഡ് കെണി പാളിപ്പോയിരുന്നെങ്കിൽ, ആദ്യപകുതിയിൽത്തന്നെ അർജന്റീന അനായാസം ജയം ഉറപ്പിക്കേണ്ടിയിരുന്ന മത്സരമാണ് ഇപ്പോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി മാറിയത്.

10–ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു പിന്നാലെ, അടുത്ത 25 മിനിറ്റിനിടെ മൂന്നു തവണയാണ് അർജന്റീന താരങ്ങൾ ഗോൾവല ചലിപ്പിച്ചത്. മെസ്സി തന്നെ ഒരിക്കൽക്കൂടി ഗോൾ നേടി അർജന്റീന ആരാധകരെ ആവേശത്തിലാഴ്ത്തിയതാണ്. 10–ാം മിനിറ്റിൽ നേടിയ ഗോളിനു ശേഷം 22–ാം മിനിറ്റിൽ തകർപ്പൻ ഒറ്റയാൻ മുന്നേറ്റത്തിലൂടെ മെസ്സി വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി മാർട്ടിനസ് പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.

ചുരുക്കത്തിൽ, ഇന്ന് അർജന്റീനയുടെ ദിവസമല്ലെന്ന് വിശ്വസിക്കാവുന്ന ഒട്ടേറെ കാരണങ്ങളാണ് ലുസെയ്ൽ സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്നത്. ഓഫ്സൈഡായിപ്പോയ ഗോളുകൾക്കൊപ്പം തന്നെ, ഗോളിനു മുന്നിൽ സൗദി അറേബ്യയുടെ കാവൽക്കാരൻ മുഹമ്മദ് അൽ ഒവയ്സിന്റെ കിടിലൻ പ്രകടനവും എടുത്തുപറയണം. ലയണൽ മെസ്സി ഏറിയ പങ്കും കാഴ്ചക്കാരനായിപ്പോയ മത്സരത്തിൽ, ആരാധകരുടെ ശ്രദ്ധ കവർന്ന താരം ഒവയ്സാണ്.

pathram:
Related Post
Leave a Comment