ഖത്തര്‍ ലോകകപ്പിനെ കുറിച്ച് – ലൂയിസ് ഫിഗോ

പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അരങ്ങേറ്റം കുറിച്ച ലോകകപ്പ് മത്സരത്തിലെ ക്യാപ്റ്റനായിരുന്നു ലൂയി ഫിഗോ. യൂസേബിയോയും ഫിഗോയും നയിച്ച പോര്‍ച്ചുഗല്‍ ടീം മാത്രമാണ് ലോകകപ്പ് സെമിയിലെത്തിയിട്ടുള്ളത്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

പോര്‍ച്ചുഗല്‍ ഇതുവരെ ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടില്ല. ഖത്തറില്‍ അതിനാകുമോ..?

എന്തുകൊണ്ട് പറ്റില്ല? ഞങ്ങള്‍ക്ക് മികച്ച സംഘമുണ്ട്. എല്ലാവരും യൂറോപ്പിലെ വിവിധ ക്ലബ്ബുകള്‍ക്കായി നന്നായി കളിക്കുന്നവരാണ്. അവരെല്ലാം നല്ല ഒത്തിണക്കത്തിലുമാണ്. അതിലൊക്കെയുപരി തന്റെ അവസാന ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അവിസ്മരണീയമാക്കേണ്ടതുണ്ട്.

അര്‍ജന്റീനപോര്‍ച്ചുഗല്‍, മെസ്സി ക്രിസ്റ്റ്യാനോ ഫൈനല്‍ ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ പ്രവചിച്ചു.?

അങ്ങനെ സംഭവിച്ചാല്‍ ഫുട്‌ബോള്‍ ലോകം വീണ്ടും വിഭജിക്കപ്പെട്ടേക്കാം. കാരണം ഇരുവര്‍ക്കും ധാരാളം ആരാധകരുണ്ട്. രണ്ടുപേരും മികച്ച വിടവാങ്ങലിനര്‍ഹരാണ്. ടീമംഗങ്ങളുടെ പിന്തുണയോടെ അവരുടെ സ്വപ്നവും രാജ്യത്തിന്റെ സ്വപ്നവും നിറവേറ്റാനായേക്കും.

പോര്‍ച്ചുഗല്‍ ഇതുവരെ ലോകകപ്പ് നേടാത്തതിനാല്‍, റൊണാള്‍ഡോക്ക് കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുമോ.?

നോക്കൂ, നിങ്ങള്‍ കളിക്കളത്തിലായിരിക്കുമ്പോള്‍ മുമ്പ് സംഭവിച്ചതിനെക്കുറിച്ച് ഓര്‍ക്കില്ല. മത്സരം ജയിക്കുക എന്നതാകും ലക്ഷ്യം. മത്സരത്തിനുശേഷമാണ് ചരിത്രം ഓര്‍മയിലെത്തുക. അതെ, ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ഇതുവരെ ഫൈനലിലെത്തിയിട്ടില്ല. 1966, 2006 വര്‍ഷങ്ങളില്‍ സെമിയിലെത്തിയിട്ടുണ്ട്. മൂന്നും നാലും സ്ഥാനങ്ങളിലെ സമ്മാനങ്ങള്‍കൊണ്ട് ആശ്വസിക്കേണ്ടിവന്നു. എന്നാല്‍, നിലവിലെ ലോകകപ്പുമായി അതിനൊന്നും യാതൊരു ബന്ധവുമില്ല.

2006ലെ പോര്‍ച്ചുഗല്‍ ടീമിന്റെ ഭാഗമായിരുന്ന നിങ്ങള്‍ ആ ടീമിനെ നയിച്ചു.?

അതെ. തീര്‍ച്ചയായും അത് നല്ല ഓര്‍മകളായിരുന്നു. പക്ഷേ, അന്ന് എന്റെ സുഹൃത്ത് സിനദിന്‍ സിദാന്‍ നയിച്ച ഫ്രാന്‍സിനോടു തോറ്റു. റയല്‍ മഡ്രിഡിനായി ഒരുപാട് മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചവരായിരുന്നു ഞങ്ങള്‍. ഒരു ടീമെന്ന നിലയില്‍ അന്നത്തെ മത്സരത്തില്‍ പരമാവധി ശ്രമിച്ചെങ്കിലും ജയിക്കാനായില്ല. അതാണ് ഫുട്‌ബോള്‍. മത്സരശേഷം സിദാന്‍ എന്റെയടുത്തുവന്നു. ജേഴ്‌സികള്‍ കൈമാറി. ഫൈനലിന് ആശംസകള്‍ നേര്‍ന്നു. പക്ഷേ, ഫൈനലില്‍ അദ്ദേഹത്തിന് മറ്റൊന്നായിരുന്നു സംഭവിച്ചത്.

ആവര്‍ഷമാണ് ക്രിസ്റ്റ്യാനോ അരങ്ങേറിയത്. യുവതാരത്തെക്കുറിച്ചുള്ള പ്രതീക്ഷ എന്തായിരുന്നു..?

പോര്‍ച്ചുഗലിനായി അദ്ദേഹത്തിന്റെ ആദ്യ മത്സരം ലോകകപ്പിലായിരുന്നില്ല. 2004 യൂറോ കപ്പിലായിരുന്നു. അന്ന് ഞങ്ങളായിരുന്നു ആതിഥേയര്‍. അതിന് ഒരുവര്‍ഷം മുമ്പ് അദ്ദേഹം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി ഒപ്പിട്ടിരുന്നു. പോര്‍ച്ചുഗലില്‍ അത് വലിയ വാര്‍ത്തയായിരുന്നു. ഈ 18 വര്‍ഷത്തിനിടയില്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മികച്ച താരങ്ങളിലൊരാളായി അദ്ദേഹം വളരുന്നത് ഞങ്ങള്‍ കണ്ടു.

പേര്‍ച്ചുഗല്‍ കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ താങ്കളുടെ ഫേവറിറ്റ് ടീമുകള്‍..?

ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മനി, ഇംഗ്ലണ്ട്, അര്‍ജന്റീന, സ്‌പെയിന്‍, ബെല്‍ജിയം… ഏതു ടീമാണ് കപ്പെടുക്കുകയെന്ന് പറയാനാകില്ല. ഈ എട്ട് ടീമുകളൊഴികെ (പോര്‍ച്ചുഗല്‍ ഉള്‍പ്പടെ) മറ്റൊരു ടീം കപ്പ് നേടാനുള്ള സാധ്യത കുറവാണ്.
കടപ്പാട് മാതൃഭൂമി

pathram:
Leave a Comment