തൊഴിലിടത്തിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പലപ്പോഴും താരങ്ങൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചു പറയുന്നതിനിടെയാണ് നേരിട്ട കാഷ്വൽ സെക്സിസത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
ഗാർഹിക പീഡനത്തിന് ഇരയാകുന്ന കഥാപാത്രമായാണ് പുതിയ ചിത്രത്തിൽ ആലിയ എത്തുന്നത്. കാഷ്വൽ സെക്സിസത്തെ കുറിച്ച് നേരത്തെ കേട്ടിരുന്നെങ്കിലും അത് എന്താണെന്ന് യഥാർഥത്തിൽ മനസ്സിലായത് ഇപ്പോഴാണെന്നും താരം വ്യക്തമാക്കി. ‘ പല അവസരങ്ങളിലും ഞാൻ അത് നേരിട്ടിട്ടുണ്ട്. ലൈംഗിക ചുവയുള്ള കമന്റുകളായിരുന്നു അതെന്ന് വളരെ വൈകിയാണ് എനിക്കു മനസ്സിലാകുന്നത്. ചിലപ്പോഴെല്ലാം എനിക്കു വെറുപ്പും ദേഷ്യവും തോന്നിയിട്ടുണ്ടെങ്കിലും പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ ഇത്തരം ദേഷ്യമെല്ലാം ഞാൻ എന്റെ സുഹൃത്തുക്കളോടായിരിക്കും തീര്‍ക്കുന്നത്. നിനക്കെന്തു പറ്റിയെന്നും എന്തിനാണ് ഇത്രയും രൂക്ഷമായി പെരുമാറുന്നതെന്നും അവർ ചോദിക്കും. പക്ഷേ, എനിക്ക് പലപ്പോഴും ഉത്തരം പറയാൻ സാധിക്കാറില്ല.
പ്രീമെൻസ്ട്രൽ സിൻഡ്രമുള്ളതുകൊണ്ട് സ്ത്രീകൾ വളരെ ദുർബലരാണെന്ന് പലരും പറയാറുണ്ടെന്നും ആലിയ പറഞ്ഞു. ‘എന്നാൽ അതുകൊണ്ടു മാത്രമല്ല, സ്ത്രീകൾ വൈകാരികമായി പ്രതികരിക്കുന്നത്. പിഎംഎസിലൂടെ കടന്നു പോകുമ്പോൾ സ്ത്രീകള്‍ അത്രയും സെൻസിറ്റീവ് ആകണമെന്നൊന്നും ഇല്ല. ഞാൻ പിഎംഎസിലൂടെ കടന്നു പോകുന്ന വ്യക്തിയാണ്. അതുകൊണ്ട് എന്താണ് പ്രശ്നം? സ്ത്രീകൾ ഈ പിഎംഎസിലൂടെയെല്ലാം കടന്നുപോയതിലൂടെയാണ് നിങ്ങൾ ഓരോരുത്തരും ജനിച്ചത്. ഇത്തരം കാര്യങ്ങൾ മറ്റുള്ളവർ പറയുന്നതു കേൾക്കുമ്പോൾ തന്നെ എനിക്കു ദേഷ്യം വരും.’– ആലിയ വ്യക്തമാക്കി.
Leave a Comment