നടിയെ ആക്രമിച്ച കേസ്‌: തുടരന്വേഷണം അവസാനിപ്പിച്ചു; 22-നുതന്നെ അനുബന്ധകുറ്റപത്രം, ദിലീപിന്റെ സുഹൃത്ത് ശരത് ഏകപ്രതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ചപ്രകാരം 22-നുതന്നെ അനുബന്ധകുറ്റപത്രം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച്‌ തീരുമാനം. 22-നു മുമ്പ്‌ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രോസിക്യൂഷന്‍ ഇന്ന്‌ വിചാരണക്കോടതിയെ അറിയിക്കും.

തുടരന്വേഷണ റിപ്പോര്‍ട്ട്‌ 22-നു സമര്‍പ്പിക്കുന്നതോടെ, നിര്‍ത്തിവച്ചിരുന്ന വിചാരണാനടപടികളും പുനരാരംഭിക്കും. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ്‌ അനുബന്ധകുറ്റപത്രത്തിലെ ഏകപ്രതിയെന്നാണു സൂചന. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ 2017 നവംബറില്‍ ദിലീപിനു ലഭിച്ചെന്നു കുറ്റപത്രത്തിലുണ്ട്‌. ശരത്താണിതു കൊണ്ടുവന്നത്‌. ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചു അഥവാ മനഃപൂര്‍വം മറച്ചുപിടിക്കുന്നുവെന്നാണു കണ്ടെത്തല്‍.
ദിലീപിന്റെ സഹോദരന്‍ അനൂപ്‌, ഭാര്യ കാവ്യാ മാധവന്‍, സഹോദരീഭര്‍ത്താവ്‌ സൂരജ്‌ തുടങ്ങിയവര്‍ സാക്ഷിപ്പട്ടികയിലുണ്ടാകും. നേരത്തേ വിസ്‌തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. രണ്ടായിരത്തിലേറെ പേജുള്ള അനുബന്ധ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ എടുക്കുന്ന ജോലി ഇന്നലെയാരംഭിച്ചു.

കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ എല്ലാ പ്രതികള്‍ക്കും നല്‍കേണ്ടതിനാലാണിത്‌. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണു സര്‍ക്കാരിന്റെയും നിലപാട്‌. എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യമടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌വാല്യൂ കോടതികളിലിരിക്കേ മാറിയതിനെക്കുറിച്ചു ക്രൈംബ്രാഞ്ച്‌ തുടര്‍ന്നും അന്വേഷിക്കും. വിചാരണക്കോടതിയും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.
മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച്‌ ദൃശ്യം കണ്ട വിവോ ഫോണ്‍ ആരുടേതെന്നു കണ്ടെത്തണം. മെമ്മറി കാര്‍ഡ്‌ പ്രവര്‍ത്തിപ്പിച്ചത്‌ ഏതു പോലീസ്‌ ഉദ്യോഗസ്‌ഥനാണെന്നു പ്രോസിക്യൂഷന്‌ അറിയാമെന്നും അതു പറയുന്നില്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

പകുതി നിരക്കില്‍ ടിക്കറ്റ് പുതിയ പരീക്ഷണവുമായി കുറി സിനിമ

pathram:
Related Post
Leave a Comment