പത്തനംതിട്ട: മുന്‍മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമടങ്ങിയ വീഡിയോ പോലീസിന് കൈമാറാതെ സി.പി.എം. ദൃശ്യങ്ങളില്ലെന്ന നിലപാടിലാണ് പത്തനംതിട്ട മല്ലപ്പള്ളി ഏരിയാ നേതൃത്വം. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും നേതൃത്വം വിശദീകരിക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. പ്രസംഗത്തിന്റെ പൂര്‍ണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്നും അന്വേഷണംസംഘം അറിയിച്ചു.
സജി ചെറിയാന്‍ ഭരണഘടനയെ നിന്ദിച്ചെന്ന കേസില്‍ നിര്‍ണായക തെളിവാകുന്നത് മല്ലപ്പള്ളി ഏരിയാ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളാണ്. എന്നാല്‍ പോലീസിന്റെ കയ്യില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത് ഏകദേശം ഒന്നരമിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യമാണ്. കേസിന്റെ വിചാരണാഘട്ടത്തില്‍ കോടതി പ്രധാന തെളിവായി സ്വീകരിക്കാന്‍ പോകുന്നത് ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ്. അതിനാലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം കണ്ടെടുക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഔദ്യോഗികമായി മല്ലപ്പള്ളി സി.പി.എമ്മിന്റെ ഏരിയാ നേതൃത്വവുമായി പോലീസ് ആശയവിനിമയം നടത്തി. എന്നാല്‍ തങ്ങളുടെ കൈവശം ദൃശ്യങ്ങളുടെ പൂര്‍ണരൂപമില്ലെന്ന് ഏരിയാ സെക്രട്ടറി അന്വേഷണസംഘത്തെ അറിയിച്ചുവെന്നാണ് വിവരം. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന വീഡിയോ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഡിലീറ്റ് ചെയ്തിരുന്നു, അങ്ങനെ തങ്ങളുടെ കൈവശമുണ്ടായിരുന്ന വീഡിയോ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് ഏരിയാ നേതൃത്വം വിശദീകരിക്കുന്നത്. അതേസമയം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് വീഡിയോ നീക്കം ചെയ്താലും അത് വീണ്ടെടുക്കാകുമെന്നാണ് സൈബര്‍ വിദഗ്ധരില്‍നിന്ന് ലഭിക്കുന്ന വിവരം. അതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
മാത്രമല്ല, മലയാള ടെലിവിഷന്‍ ചാനലുകളില്‍ ഏതിന്റെയെങ്കിലും കൈവശം ഈ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അല്ലാത്തപക്ഷം പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭ്യമാക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് പ്രധാന തെളിവായി സ്വീകരിക്കുമെന്നുമാണ് പോലീസ് നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, ശബ്ദം സജി ചെറിയാന്റേത് തന്നെയാണോ എന്നീ പ്രധാനപ്പെട്ട രണ്ടു വിവരങ്ങളാണ് ദൃശ്യങ്ങളില്‍നിന്ന് പോലീസിന് അറിയേണ്ടത്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം റിപ്പോര്‍ട്ടായി ഇത് ലഭ്യമാകേണ്ടതുമുണ്ട്.
മല്ലപ്പള്ളിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒന്നിലധികം കാമറകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. ഇവ ഓണ്‍ലൈനായി എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ട ശേഷം പ്രസക്തഭാഗങ്ങള്‍ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുകയായിരുന്നു. ഒന്നിലധികം കാമറകള്‍ ഉപയോഗിച്ചുള്ള മള്‍ട്ടികാം ഷൂട്ട് ആണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ലഭ്യമായ ദൃശ്യങ്ങള്‍. പരിപാടി ഷൂട്ട് ചെയ്യാന്‍ കരാര്‍ ഏറ്റെടുത്ത സ്റ്റുഡിയോയുടെ നടത്തിപ്പുകാരുടെയോ പുറത്തുള്ള ഏജന്‍സിയുടെയോ പക്കല്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കേസിന്റെ വിചാരണാഘട്ടത്തില്‍ പാര്‍ട്ടി നേതാവിനെതിരേ ഈ വിഷയം വരാനുള്ള സാധ്യതകൂടി പരിഗണിച്ച് ഈ വീഡിയോ കൈമാറേണ്ടന്ന തീരുമാനത്തിലേക്ക് സി.പി.എം. എത്തിച്ചേര്‍ന്നേക്കാമെന്ന സംശയവും വിവിധകേന്ദ്രങ്ങളില്‍നിന്ന് പങ്കുവെക്കപ്പെടുന്നുണ്ട്.